കരിപ്പൂർ: കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരെ കരിപ്പൂർ പൊലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനൽ സംഘം വലയിലായത്. ഇന്നലെ രാത്രിയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന പാർക്കിംഗ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെർമിനലിലും വിവിധ സംഘങ്ങളായി തിരിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ നിലയുറപ്പിച്ചിരുന്ന ഇവരെ പോലീസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ ചുരുളഴിഞ്ഞതും സംഘം പൊലീസ് പിടിയിലാവുന്നതും. കവർച്ചാ സംഘം വിമാനത്താവളത്തിലെത്താൻ ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കർണാടക വിരാജ്പേട്ട സ്വദേശിയായ എൻ. എ. അഭിഷേക് (31), കണ്ണൂർ മുഴക്കുന്ന് സ്വദേശി ജുനൈദ്. കെ.പി (27), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ ശരത് വി (35), കനഗരാജ് കെ കെ. (28), അക്ഷയ്. കെകെ. (26), ധനീഷ് കെ. (29), തില്ലങ്കേരി സ്വദേശി രഞ്ജിത്ത്. ടി. (41), ചക്കരക്കല്ല് സ്വദേശി താജുദ്ധീൻ (32), വാരം സ്വദേശി ഷാരോൺ (23), കൂത്തുപറമ്പ് സ്വദേശി സ്വരലാൽ. കെ. (38), തിരൂർ പുതിയ കടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂർ സ്വദേശി സുജിത്ത്. പി. (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി ഇർഫാൻ. എ. കെ. (26) എന്നിവരടക്കമുള്ള സംഘമാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശിയായ കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയായ അലി അക്ബർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കവർച്ചാ സംഘം വിമാനത്താവളത്തിൽ ഒത്തുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്കായുള്ള ആസൂത്രണവും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും അടങ്ങുന്ന വാട്സാപ്പ് ചാറ്റുകൾ പ്രതികളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന 14 ബ്രാൻഡ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മറ്റൊരു പ്രവാസിയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുള്ളത് കേസിൽ പുതിയ ദുരൂഹതകൾക്ക് വഴിതുറക്കുകയാണ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് സൽമാൻ സാലിഹിനെയാണ് വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതായത്. ഇയാളെ വിമാനത്താവളത്തിൽ വെച്ച് ഇപ്പോഴത്തെ കവർച്ചാ സംഘമോ അതോ മറ്റേതെങ്കിലും സംഘങ്ങളോ തട്ടിക്കൊണ്ടുപോയതാണോ, അതല്ലെങ്കിൽ നിലവിൽ പിടിയിലായ സംഭവവുമായി ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. വിശദമായ ചോദ്യം ചെയ്യലിനും ശാസ്ത്രീയ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കൂ എന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates