തിരുവനന്തപുരം: കരുണാകര ഗുരുവിന്റെ ആത്മീയ ദര്‍ശനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാത്രമുള്ളതല്ല അത് വരുംതലമുറകള്‍ക്ക് കൂടി വേണ്ടിയുള്ളതാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആത്മീയതയുടെ അന്തസത്ത മുഴുവന്‍ സ്വാംശീകരിച്ച് ജീവിതത്തിന്റെ പുതിയ പന്ഥാവ് കാട്ടിത്തന്ന അഭിനവ ആത്മീയ ഗുരുവാണ് ശ്രീകരുണാകരഗുരു. ഗുരുവിന്റെ ചിന്തകള്‍ ഒരു പ്രത്യേക തരത്തില്‍ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ളതാണെന്നും അതിന്റെ അടിത്തറ ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍ന്മാന്‍ എംഎ യൂസഫലി വിശിഷ്ടാതിഥിയായി. നവീനമായൊരു ആശയത്തെയാണ് കരുണാകര ഗുരു ലോകത്തിന് നല്‍കിയത്. കരുണകര ഗുരുവിന്റെ പേരിലുള്ള കരുണയാണ് ഗുരു സമൂഹത്തിന് നല്‍കിയത്. ആ കരുണ പലരിലും ഇല്ലാതെപോയി എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ലോകത്തിന്റെ ബഹുസ്വരതയ്ക്ക് ശാന്തിഗിരി നല്‍കുന്ന സംഭവനകള്‍ അനന്യമാണെന്നും മതേതരത്വത്തിന് വേണ്ടി സംസാരിക്കുന്ന ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയോടും ആശ്രമത്തിലെ സന്യാസിമാരോടുമുള്ള സ്‌നേഹബന്ധത്തെ ഏറെ മൂല്യത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാന്റോ എം പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നവപൂജിതം സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗുരുധര്‍മ്മ പ്രകാശസഭ അംഗങ്ങള്‍ ചേര്‍ന്ന് ഗോവ ഗവര്‍ണറെയും ശ്രീലങ്കന്‍ മന്ത്രിയേയും എം.എ. യൂസഫലിയേയും ഉപഹാരം നല്‍കി ആദരിച്ചു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവര്‍ മഹനീയ സാന്നിധ്യമായി. കേരള പൊലീസ് സേനയില്‍ 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ്, ഹോം ഗാര്‍ഡ് & സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ ഐ.പി.എസിന് നവപൂജിതം വേദിയില്‍ പ്രത്യേക ആദരവ് നല്‍കി.
ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പദ്മകുമാര്‍, സിന്ദുരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍.അനില്‍, ഡോ.കെ. ഓമനക്കുട്ടി, ഡോ.എം. കമലലക്ഷമി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ഹെല്‍ത്ത് കെയര്‍ വിഭാഗം പേട്രണ്‍ ഡോ.കെ.എന്‍. ശ്യാമപ്രസാദ് കൃതജ്ഞതയും പറഞ്ഞു. നവപൂജിതം ആഘോഷങ്ങള്‍ക്കും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ തുടക്കമായി. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, തുടര്‍ന്ന് താമരപ്പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം, ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും നടന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്; നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates