ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ വി ഡി സതീശന് ലീഗിന്റെ ഒത്താശ ഉണ്ട്. കേരളത്തില്‍ സുനാമിയാണ് സംഭവിച്ചത്. അതില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കെ സി വേണുഗോപാല്‍ മിടുക്കനാണ്. കെ സി പ്രഗത്ഭന്‍ ആണ്. ഇന്ത്യയില്‍ അതികായനാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസിനെ എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ആളാണ് കെ സി. സോണിയാ ഗാന്ധിയും പ്രസിഡന്റും കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ മൂന്നാമത്തെ സ്ഥാനത്താണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്‍എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം വന്നപ്പോള്‍ അദ്ദേഹം ഇടപെട്ടു. അങ്ങനെ ഒറ്റ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നല്ല നേതൃഗുണം ഉണ്ട്. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹം വരുമോ എന്ന് സംശയമാണ്. ഇത് കൊച്ചു കേരളം. ഇവിടെ കറുകപ്പുല്ല് മാത്രമേ തിന്നാനുള്ളൂ. ഇന്ത്യയില്‍ എത്രയോ കരിമ്പിന്‍ തോട്ടങ്ങളാണ് ഉള്ളത്. ആ കരിമ്പിന്‍ തോട്ടങ്ങളെല്ലാം തിന്നാന്‍ ഉള്ളപ്പോള്‍ ഈ കറുകപ്പുല്ല് തിന്നാനായിട്ടുണ്ട് ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണുകയല്ല. എംഎല്‍എമാരില്‍ മഹാഭൂരിപക്ഷവും എംപിമാരില്‍ മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി കെ സിയാണ്. കാരണം ഫണ്ടിങ്, പണം വലിയൊരു ഘടകമാണ്. ഫണ്ട് കൊടുത്ത് കോണ്‍ഗ്രസുകാരെ ജയിപ്പിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആളാണ്.'- വെള്ളാപ്പള്ളി പറഞ്ഞു.
'ചെന്നിത്തല ഏറെ പരിചയമുള്ള ആളാണ്. പ്രവര്‍ത്തന പരിചയമുള്ള ആളാണ്. മെയ്‌വഴക്കമുള്ള ആളാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ നയചാതുരിയുള്ള ആളാണ് ചെന്നിത്തല. അദ്ദേഹത്തിന്റെ ജൂനിയര്‍ ആയി ഇരുന്ന ആളുകളാണ് ഇന്ന് വലിയ നേതാക്കളായി മാറിയത്. ഇതില്‍ ആര് വേണമെന്ന് തിരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ച് യുക്തമായ ആള്‍ വരട്ടെ. ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം ഞാന്‍ ആണ് എന്ന് പറയുന്നത് ലീഗ് ആണ്. ഞാന്‍ മുസ്ലീം വിരോധിയല്ല. മുസ്ലീങ്ങളെ എതിര്‍ത്തിട്ടുമില്ല. ഞാന്‍ കൂടിയത് കൊണ്ടാണ് പിണറായി തോറ്റ് പോയത് എന്ന് പറയുന്നത് പിണറായി വിരോധികളാണ്. സമുദായത്തെ നശിപ്പിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. എന്നാല്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഒരു പാര്‍ട്ടിക്കും ഒരു പുല്ലും ചെയ്യാന്‍ സാധിക്കില്ല. കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നല്ലവര്‍ അവിടെയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എന്തുമാത്രം വോട്ടു കിട്ടി. ജാതിയും മതവും നോക്കാതെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്തത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയത്. അത് മുസ്ലീം വോട്ട് മാത്രമല്ല. കുഞ്ഞാലിക്കുട്ടി ഒരു തീവ്രവാദിയൊന്നുമല്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മാന്യനാണ്. ഇതില്‍പ്പെട്ട മറ്റു പലരും അങ്ങനെയല്ല. കെ എം ഷാജി തീവ്രവാദിയാണ്. പരസ്യമായി മതമാണ് മതമാണ് എന്ന് പറയുകയും ഒന്‍പത് വര്‍ഷം നഷ്ടപ്പെട്ടത് അകത്തുകയറി എടുക്കുമെന്ന് പറയുകയും ചെയ്യുന്നത് മിതവാദികള്‍ പറയുന്ന ഭാഷയാണോ?'- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാല്‍ രാജിവെയ്്ക്കുമെന്ന് പറഞ്ഞ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അങ്ങനെ പലതും പറഞ്ഞു കാണുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates