Kerala Assembly Election 2026  
Kerala

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കേരളത്തിലെ മറ്റ് ജില്ലകളില്‍ യുഡിഎഫ് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ നിയമസഭയില്‍ എണ്ണം തികയ്ക്കാന്‍ മലപ്പുറം മുതല്‍ക്കൂട്ടായി. സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണത്തിന്റെ കേന്ദ്രം കൂടിയാണ് മലപ്പുറം

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രം, യുഡിഎഫിന്റെ മുന്നേറ്റത്തില്‍ എക്കാലവും ഉറച്ച് അടിത്തറപാകിയ ജില്ല. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മലപ്പും യുഡിഎഫിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. കേരളത്തിലെ മറ്റ് ജില്ലകളില്‍ യുഡിഎഫ് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ നിയമസഭയില്‍ എണ്ണം തികയ്ക്കാന്‍ മലപ്പുറം മുതല്‍ക്കൂട്ടായി. സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണത്തിന്റെ കേന്ദ്രം കൂടിയാണ് മലപ്പുറം.

പതിനാറ് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പതിനാറില്‍ പന്ത്രണ്ടും യുഡിഎഫിന് ഒപ്പം നിന്നു. നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥികളായി പി വി അന്‍വറും തവനൂരില്‍ കെടി ജലീലും താനൂരില്‍ വി അബ്ദുറഹിമാനും വിജയിച്ചു. പൊന്നാനിയില്‍ മാത്രമാണ് സിപിഎം വിജയം നേടിയത്.

കൊണ്ടോട്ടി-

കോഴിക്കോടിനോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലം. മുസ്ലീം ലീഗിന്റെ ഉറച്ച സീറ്റില്‍ 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ടി വി ഇബ്രാഹിം വിജയം നേടി. 2021 ലെ തെരഞ്ഞെടുപ്പില്‍ ഇടത് സുലൈമാന്‍ ഹാജി എന്ന സ്വതന്ത്രനെ ഇറക്കിയായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ പരീക്ഷണം നടത്തിയത്. 17,666 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടി വി ഇബ്രാഹിം മണ്ഡലം നിനിര്‍ത്തുകയും ചെയ്തു.

ഏറനാട്-

പി കെ ബഷീര്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ അനായാസം വിജയം നേടിയ മണ്ഡലമാണ് ഏറനാട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ടി അബ്ദുറഹ്മാനെ 22546 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി കെ ബഷീര്‍ ഏറനാട് നില നിര്‍ത്തിയത്.

നിലമ്പൂര്‍-

മൂന്ന് പതിറ്റാണ്ടിലധികം യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂര്‍ അടുത്തിടെ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു. 1987 മുതല്‍ 2011 വരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് മത്സരിച്ച് ജയിച്ച നിലമ്പൂരില്‍ 2016ല്‍ ഇടതു പക്ഷത്തിന്റെ സ്വതന്ത്ര പരീക്ഷണം വിജയം കണ്ടു. 2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി പി വി അന്‍വര്‍ നിയമസഭയില്‍ എത്തി. 2021 ലും പി വി അന്‍വര്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി വി പ്രകാശിനെ 2700 വോട്ടുകളുടെ ഭുരിപക്ഷത്തിന്‍ പരാജയപ്പെടുത്തിയായിരുന്നു അന്‍വറിന്റെ വിജയം.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തി അന്‍വര്‍ രാജിവച്ചതോടെ നിലമ്പൂരില്‍ 2025 ല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. സിപിഎം സ്ഥാനാര്‍ഥിയായി എത്തിയ എം സ്വരാജിനെ 11,077 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ഒന്നാണ് നിലമ്പൂര്‍.

വണ്ടൂര്‍-

മലപ്പുറം ജില്ലയിലെ സംവരണ മണ്ഡലം, മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട. 1977 മുതല്‍ 2021 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ 1996 ല്‍ മാത്രമാണ് വണ്ടൂര്‍ ഇടതുപക്ഷത്തോട് ഒപ്പം നിന്നിട്ടുള്ളത്.

2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവ് എ പി അനില്‍ കുമാര്‍ ആണ് വണ്ടൂരിന്റെ ജനപ്രതിനിധി. സിപിഎമ്മിന്റെ യുവ നേതാവ് പി മിഥുന ആയിരുന്നു 2021 ല്‍ വണ്ടൂരില്‍ അനില്‍കുമാറിന്റെ എതിരാളി. 15563 വോട്ടുകളുടെ ഭൂരി പക്ഷത്തിലായിരുന്നു അനില്‍കുമാറിന്റെ അഞ്ചാം വിജയം.

മഞ്ചേരി-

മുസ്ലീം ലീഗിന്റെ ഉറച്ച മണ്ഡലമാണ് മഞ്ചേരി. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അനായാസ വിജയം നേടുന്ന മണ്ഡലം. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ എം മ്മര്‍ ആയിരുന്നു മഞ്ചേരിയില്‍ നിന്നുള്ള ജന പ്രതിനിഝി. 2021 ല്‍ യുഎ ലത്തീഫ് ലീഗിന്റെ വിജയം തുടര്‍ന്നു. സിപിഐ സ്ഥാനാര്‍ഥി നാസര്‍ ഡിബോണയെ 14573 വോട്ടുകള്‍ക്കാണ് യുഎ ലത്തീഫ് പരാജയപ്പെടുത്തിയത്.

പെരിന്തല്‍മണ്ണ-

വലിയ ഇടത് തംരഗമുണ്ടാപ്പോള്‍ മാത്രമാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പെരിന്തല്‍മണ്ണ യുഡിഎഫിനോട് മുഖം തിരിച്ചിട്ടുള്ളത്.

2011, 2016 തെരഞ്ഞെടുപ്പുകളില്‍ ഇടത് പാളയം വിട്ടെത്തിയ മഞ്ഞളാം കുഴി അലി മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായി പെരിന്തല്‍മണ്ണയില്‍ വിജയം കണ്ടു. 2021 ല്‍ നജീബ് കാന്തപുരവും വിജയം നേടി. സംസ്ഥനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ആയിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം. 38 വോട്ടുകളായിരുന്നു ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം.

മങ്കട-

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മുസ്ലീം ലീഗിന് ഒപ്പം നിന്ന ചരിത്രമാണ് മങ്കടയ്ക്കുമുള്ളത്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ടി എ അഹമ്മദ് കബീര്‍ മങ്കടയില്‍ നിന്ന് വിജയിച്ചു. 2021 ല്‍ ലീഗ് സ്ഥാനാര്‍ഥിയായി മണ്ഡലം മാറിയെത്തിയ മഞ്ഞളാംകുഴി അലിയും വിജയം കണ്ടു. 6246 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സിപിഎമ്മിന്റെ റഷീദ് അലിയെ മഞ്ഞളാംകുഴി അലി പരാജയപ്പെടുത്തിയത്.

മലപ്പുറം-

മണ്ഡലം രൂപീകരിച്ചത് മുതല്‍ മുസ്ലീം ലീഗ് മാത്രം വിജയിച്ച മണ്ഡലമാണ് മലപ്പുറം. 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ പി ഉബൈദുള്ള മലപ്പുറത്ത് നിന്നും വിജയിച്ചു. സിപിഎമ്മിന്റെ പാലൊളി അബ്ദുറഹ്മാനെയാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ പി ഉബൈദുള്ള പരാജയപ്പെടുത്തിയത്. ഭൂരിപക്ഷ 35,208.

വേങ്ങര-

2021 ല്‍ രൂപീകരിച്ച മണ്ഡലമാണ് വേങ്ങര. 2011, 16 തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടി വിജയം നേടി. 2017 ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ച് വിജയിച്ചതോടെ വേങ്ങരയില്‍ 2017 ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു.

കെഎന്‍എ ഖാദര്‍ ആയിരുന്നു ഇത്തവണ ലീഗ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കെ എന്‍എ ഖാദര്‍ വിജയം നേടി.

2021 ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും വേങ്ങരയില്‍ സ്ഥാനാര്‍ഥിയായി. സിപിഎം സ്ഥാനാര്‍ഥിയായി പി ജിജി മത്സരിച്ച തെരഞ്ഞെടുപ്പില്‍ 30596 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വിജയം നേടി.

വള്ളിക്കുന്ന്-

മലപ്പുറം ജില്ലയിലെ മറ്റൊരു പുതിയ മണ്ഡലമായിരുന്നു 2011 ല്‍ വള്ളിക്കുന്ന്. മുസ്ലീം ലീഗ് നേതാവ് കെ എന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ പി അബ്ദുള്‍ ഹമീദ് ലീഗിന്റെ വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫില്‍ ഐ എന്‍എല്‍ മത്സരിച്ച സീറ്റില്‍ എപി അബ്ദുള്‍ വഹാബിനെ 57707 വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയായിരുന്നു ലീഗ് സ്ഥാനാഥിയുടെ വിജയം.

തിരൂരങ്ങാടി-

രൂപീകൃതമായ കാലം മുതല്‍ മുസ്ലീം ലീഗിന് ഒപ്പം നിന്ന മണ്ഡലം. 1995 ല്‍ എകെ ആന്റണിയെ വിജയിപ്പിച്ച ചരിത്രവും തിരൂരങ്ങാടിക്കുണ്ട്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ പി കെ അബ്ദുറബ്ബ് ആണ് തിരൂരങ്ങാടിയില്‍ വിജയിച്ചത്. 2021ല്‍ കെ പിഎ മജീദും വിജയം നേടി. സിപിഐ സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിനെ 9578 വോട്ടുകള്‍ക്കാണ് കെപിഎ മജീദ് പരാജയപ്പെടുത്തിയത്.

താനൂര്‍-

രൂപീകരിച്ച കാലം മുതല്‍ 2011 വരെ മുസ്ലീം ലീഗിന് ഒപ്പം നിന്ന മണ്ഡലമാണ് താനൂര്‍. 2011 ല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് താനൂരിലെ അവസാന ലീഗ് ജനപ്രതിനിധി. 2016 ലെ തെരഞ്ഞെടുപ്പില്‍ വി അബ്ദുറഹ്മാനെ കളത്തിലിറക്കി (നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്) എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. 2021 ലും വി അബ്ദുറഹ്മാന്‍ വിജയം ആവര്‍ത്തിച്ചു. യൂത്ത് ലീഗ് നേതാവായിരുന്ന പി കെ ഫിറോസിനെ 985 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അബ്ദുറഹ്മാന്റെ രണ്ടാമൂഴം.

തിരൂര്‍-

മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ലീഗിനെ കൈവിട്ട മണ്ഡലം. തിരൂരും മലപ്പുറത്തെ ലീഗിന്റെ ഉറച്ച കോട്ടയാണ്. 2011, 16 തെരഞ്ഞെടുപ്പുകളില്‍ സി മമ്മൂട്ടിയായിരുന്നു ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ കുറുക്കോളി മൊയ്തീന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ഗഫൂര്‍ പി ലില്ലിസിനെ 7214 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.

കോട്ടക്കല്‍-

മലപ്പുറത്തെ പുതിയ മണ്ഡലങ്ങളില്‍ ഒന്നാണ് കോട്ടക്കല്‍. 2011 ല്‍ എംപി അബ്ദുസമദ് സമദാനി കോട്ടക്കലിന്റെ ആദ്യ എംഎല്‍എ ആയി. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ആബിദ് ഹുസൈന്‍ തങ്ങളിലൂടെ വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫിനായി മത്സരിച്ച എന്‍സിപിയുടെ എന്‍ എ മൊയ്തീന്‍ കൂട്ടിക്കെതിരെ 16588 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു ലീഗ് സ്ഥാനാര്‍ഥിയുടെ വിജയം.

തവനൂര്‍-

2011, 2016, 2021 മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടത് സ്വതന്ത്രനായി കെ ടി ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നുംപറമ്പിലിനെ ഇറക്കി പരീക്ഷണമായിരുന്നു 2021 ല്‍ യുഡിഎഫ് നടത്തിയത്. 2185 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെടി ജലീല്‍ വിജയിച്ചു.

പൊന്നാനി-

മലപ്പുറത്തെ ഇടത് കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം. എല്‍ഡിഎഫിനും യുഡിഎഫിനും മണ്ഡലം ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ പി ശ്രീരാമകൃഷ്ണന്‍ ആയിരുന്നു പൊന്നാനിയില്‍ വിജയിച്ചത്. 2021 ല്‍ പി നന്ദകുമാറും പൊന്നാനിയില്‍ നിന്നും വിജയം നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ എം രോഹിത്തിനെ 17043 വോട്ടുകള്‍ക്കാണ് ജലീല്‍ പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ മലപ്പുറം

2025 തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലവും യുഡിഎഫിന് അനുകൂലമാണ്. ഗ്രാമ പഞ്ചായത്തുകളില്‍ 87 ഇടങ്ങളിലാണ് യുഡിഎഫ് മുന്നിലുള്ളത്. ഏലംകുളം, നിറമരുതൂര്‍, വാഴയൂര്‍, വെളിയങ്കോട് എന്നിങ്ങനെ നാലിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇടത് പിന്തുണയുള്ള ജനകീയ മുന്നണി പൊന്‍മുണ്ടത്തും വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 15 എണ്ണത്തില്‍ 14 ലും യുഡിഎഫാണ്. ജില്ലാ പഞ്ചായത്തില്‍ 33 ല്‍ 32 ലും യുഡിഎഫ് നേടി. നഗരസഭകള്‍ ഒന്നൊഴികെ മറ്റെല്ലാം യുഡിഎഫിന് ഒപ്പമാണ്. എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്ന മേലാറ്റൂര്‍, അമരമ്പലം, വള്ളിക്കുന്ന്, മാറഞ്ചേരി ഉള്‍പ്പടെയുള്ള പഞ്ചായത്തുകള്‍ പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പൊന്നാനി മാത്രമാണ് ഇത്തവണ മലപ്പുറത്ത് എല്‍ഡിഎഫിന് ഒപ്പം നിന്നത്.

Kerala Assembly Election 2026 malappuram district .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT