തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയുന്നതിനുള്ള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഗിയര്‍ മാറ്റി യുഡിഎഫ്. ആദ്യ മണിക്കൂറുകളില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കഥ മാറി. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെന്‍ഡ് നടന്നതായാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് സൂചന. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച എന്‍ഡിഎ അതിന് അനുസരിച്ചുള്ള മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. അഞ്ചിടത്താണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.
വാശിയേറിയ പോരാട്ടം നടക്കുന്ന ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിന് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ലീഡ് നില മാറിമറിയുന്ന ആറന്മുളയില്‍ നിലവില്‍ വീണാ ജോര്‍ജ് പിന്നിലാണ്. മന്ത്രി പി രാജീവ് അടക്കം ഒന്‍പത് മന്ത്രിമാര്‍ പിന്നിലാണ്.
തപാല്‍ വോട്ടുകളില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചനയാണ് ഇരുമുന്നണികളും നല്‍കിയത്. എന്നാല്‍ ഇവിഎമ്മിലേക്ക് നീങ്ങിയതോടെയാണ് യുഡിഎഫ് കുതിക്കാന്‍ തുടങ്ങിയത്. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത് 8.30 മുതലാണ് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates