വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി പ്രതീകാത്മക ചിത്രം
Kerala

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം

ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ.

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ ഭേദഗതി

ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ഉടന്‍ തന്നെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്ര വന്യജീവി നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്. നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സഹായകമാകുന്നതാണ്. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരുക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിനു മറ്റ് നടപടിക്രമങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.

പട്ടിക രണ്ടില്‍ ഉള്‍പ്പെട്ട കാട്ടുപന്നികള്‍, പുള്ളിമാനുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്കു നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചു എന്നു കണ്ടാല്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനുപകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്കു വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോടു പലതവണ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്നു സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അങ്ങനെ മാറ്റുന്നപക്ഷം അവയുടെ ജനനനിയന്ത്രണത്തിനും ആവശ്യമെങ്കില്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കുന്നതിനും സാധിക്കും.

കോടതിയില്‍ എത്തുന്ന വനകുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇപ്രകാരം കുറ്റങ്ങള്‍ രാജിയാക്കുന്നപക്ഷം ജയില്‍ ശിക്ഷ ഒഴിവായി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. 1961 മുതല്‍ വനം വാച്ചര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം ഒഴിവാക്കി. കഴിഞ്ഞ 64 വര്‍ഷമായുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞതില്‍ വനം വകുപ്പ് ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതു പരിഗണിക്കാതെയാണ് മാറ്റം വരുത്തിയത്. എന്നാല്‍ വാച്ചര്‍മാരുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നു മാറ്റം വരുത്തി.

Kerala Assembly passed the Wildlife Protection Kerala Amendment Bill: The Wildlife Protection Kerala Amendment Bill empowers authorities to cull dangerous wild animals encroaching on human settlements and farmlands.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT