Satheesan Budget Presentation|Kerala Budget 2026 
Kerala

Kerala Budget 2026: ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

ഡിഎ കുടിശ്ശികകളെക്കുറിച്ച് ബജറ്റിൽ മിണ്ടാട്ടമില്ല, ഡി.എയും ഡി.ആറും ഇനി മുടങ്ങാതെ നൽകുമെന്ന് മാത്രം പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ നിരാശപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളിൽ ഇത്തവണ യാതൊരുവിധ വർദ്ധനവും വരുത്തിയിട്ടില്ല. ഇതോടൊപ്പം, ശമ്പള പരിഷ്‌കരണവും കുടിശ്ശികകളുടെ വിതരണവും പ്രതീക്ഷിച്ചിരുന്ന സർക്കാർ ജീവനക്കാർക്കും ബജറ്റിൽ വലിയ തോതിലുള്ള അനുകൂല പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന നിർധനരായ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്താൻ ഇത്തവണ സർക്കാർ തയ്യാറായിട്ടില്ല. ഖജനാവിന്റെ നിലവിലെ ശോചനീയാവസ്ഥയും തീർപ്പാക്കാനുള്ള വൻ സാമ്പത്തിക ബാദ്ധ്യതകളും കണക്കിലെടുത്താണ് ജനപ്രിയമായ പെൻഷൻ വർദ്ധനവിൽ നിന്നും സർക്കാർ പിൻവാങ്ങിയതെന്നാണ് സൂചന.

സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പുതിയ നേട്ടങ്ങളൊന്നുമില്ല

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വൻ ബാദ്ധ്യതകളും കുടിശ്ശികകളും തങ്ങളുടെ ചുമലിലാണെന്ന് ആമുഖത്തിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡി.എ കുടിശ്ശികകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് ബജറ്റിൽ യാതൊരുവിധ വ്യക്തതയും നൽകിയിട്ടില്ല. വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച ജീവനക്കാർക്ക് ബജറ്റ് വലിയ രീതിയിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങളൊന്നും നൽകുന്നില്ല.

പതിവ് വിതരണം മാത്രം: ജീവനക്കാരുടെ ഡി.എയും പെൻഷൻകാരുടെ ഡി.ആറും ഇനി മുതൽ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന ഒരു ഉറപ്പ് മാത്രമാണ് ബജറ്റിലുള്ളത്. കുടിശ്ശികകളെക്കുറിച്ച് ബജറ്റ് പൂർണ്ണമായി മൗനം പാലിക്കുന്നു.

ലീവ് സറണ്ടറിൽ ഉറപ്പില്ല: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനങ്ങൾക്ക് പകരം 'ഉചിതമായ തീരുമാനം കൈക്കൊള്ളും' എന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്.

എൻ.പി.എസ് പരിഷ്‌കരണത്തിൽ അവ്യക്തത: മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കിയ ശേഷം നിലവിലുള്ള എൻ.പി.എസ് പെൻഷൻ സംവിധാനം പരിഷ്‌കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഉറപ്പുകളില്ല.

മെഡിസെപ്പ് പുനഃക്രമീകരണം: നിലവിലുള്ള 'മെഡിസെപ്പ്' ആരോഗ്യ സുരക്ഷാ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

ഭരണപരമായ ചിലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സമാന സ്വഭാവമുള്ള വിവിധ ക്ഷേമനിധി ബോർഡുകൾ തമ്മിൽ ലയിപ്പിക്കാനും ബജറ്റിൽ തീരുമാനമുണ്ട്. ഇതോടൊപ്പം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

പുതിയ ജില്ലകളും താലൂക്കുകളും: സമഗ്ര പഠനത്തിന് കമ്മീഷൻ

ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം.

നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതിയ ജില്ലകൾക്കായുള്ള ആവശ്യങ്ങൾ ശക്തമായി ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന് പുറമെ, മധ്യകേരളത്തിൽ മൂവാറ്റുപുഴ കേന്ദ്രമാക്കിയും തെക്കൻ കേരളത്തിൽ നെയ്യാറ്റിൻകര കേന്ദ്രമാക്കിയും പുതിയ ജില്ലകൾ പ്രഖ്യാപിക്കണമെന്ന പ്രാദേശിക ആവശ്യങ്ങൾ വിവിധ കോണുകളിൽ നിന്ന് ശക്തമാണ്. ഇത്തരം ആവശ്യങ്ങളിലെ ഭരണപരമായ സാധ്യതകളും ജനസംഖ്യാ ക്രമീകരണങ്ങളും കമ്മീഷൻ വിശദമായി പരിശോധിക്കും. കമ്മീഷന്റെ പഠന റിപ്പോർട്ടിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും പുതിയ താലൂക്കുകളും ജില്ലകളും അനുവദിക്കുന്ന കാര്യത്തിൽ റവന്യൂ വകുപ്പ് അന്തിമ തീരുമാനമെടുക്കുക.

Delivering the revised State Budget for 2026-27, Chief Minister V.D. Satheesan introduced a highly conservative fiscal layout, generating considerable disappointment across both welfare beneficiaries and the public service spectrum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

'സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോന്നാണ്, അതൊരു കൂടിച്ചേരലാണ്; എന്നെ സംബന്ധിച്ച് ഒന്നുമില്ലായ്മയാണ്'

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'