തിരുവനന്തപുരം: ജിഎന്‍എ (GNA) വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രി വിഡി സതീശനും, കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും മൗനം പാലിച്ചു. മറ്റ് മന്ത്രിമാരും വിഷയം കാബിനറ്റില്‍ ഉന്നയിച്ചില്ല. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
മലബാറില്‍ 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുന്നതുമൂലം ബാധിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന കെഎസ്ഇബി നിര്‍ദ്ദേശം മന്ത്രി സണ്ണി ജോസഫ് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. നഷ്ടപരിഹാര നിര്‍ദ്ദേശത്തെക്കുറിച്ച് കാബിനറ്റില്‍ വിശദമായ ചര്‍ച്ച നടന്നുവെങ്കിലും, മുഖ്യമന്ത്രിയോ സണ്ണി ജോസഫോ വൈദ്യുതി വാങ്ങല്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.
'ഈ വിഷയം ശാന്തമായി പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു. മന്ത്രിസഭാ യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇക്കാര്യം സംസാരിച്ചില്ല. അവര്‍ വളരെ പക്വതയോടെയാണ് പെരുമാറിയത്.' ഒരു മന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് (TNIE) പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരിഹസിച്ച് തൊട്ടുപിന്നാലെയാണ്, ജിഎന്‍എ വൈദ്യുതി ഇടപാടിനെച്ചൊല്ലി പരസ്യ വിയോജിപ്പ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഈ വിവാദം കോണ്‍ഗ്രസിനുള്ളില്‍ പുതിയ ഭിന്നതകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത്, കെപിസിസി പ്രസിഡന്റ് ഒരു പ്രധാന നയപരമായ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി പരസ്യമായി വിയോജിക്കുന്നത് ഇതാദ്യമായാണ്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി, മാന്യനായ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടുന്ന സണ്ണി ജോസഫ്, വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും പരസ്യ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന സണ്ണി ജോസഫും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള അകലം വര്‍ദ്ധിക്കാന്‍ ഈ വിഷയം കാരണമായിട്ടുണ്ട്. 'ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ഒപ്പിട്ടു നല്‍കുന്ന ഒരാളല്ല താനെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും, GNA വഴിയുള്ള വൈദ്യുതി വാങ്ങല്‍ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.' ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു എന്ന ആരോപണമുയര്‍ന്നതോടെ, ചീഫ് സെക്രട്ടറിയുടെ പങ്കിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. GNA എന്നത് ഒരു വൈദ്യുതി വ്യാപാര പ്ലാറ്റ്ഫോം മാത്രമാണെങ്കിലും, ഏത് ഉറവിടങ്ങളില്‍ നിന്നാണ് വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം വൈദ്യുതി മന്ത്രിയുടെ ഓഫീസിനെയും കെഎസ്ഇബിയെയും അറിയിച്ചിരുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ആവര്‍ത്തിക്കുമ്പോഴും, പുറത്തുനിന്നും വലിയ അളവില്‍ വൈദ്യുതി വാങ്ങുന്നത് തുടരുന്നുണ്ടെന്നാണ് കെഎസ്ഇബി രേഖകള്‍ വ്യക്തമാക്കുന്നത്. കെഎസ്ഇബിയുടെ കണക്കുകള്‍ പ്രകാരം, തിങ്കളാഴ്ച 800 മെഗാവാട്ടും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഏകദേശം 700 മെഗാവാട്ട് വീതവും വൈദ്യുതി കേരളം പുറത്തുനിന്നും വാങ്ങിയിട്ടുണ്ട്.
GNA (General Network Access) വഴിയുള്ള വൈദ്യുതി വാങ്ങല്‍ പദ്ധതിയെ എതിര്‍ത്തതിന് പിന്നാലെ, KSEB സിഎംഡി എംജി രാജമാണിക്യത്തെ സ്ഥലം മാറ്റിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
'KSEB ഉദ്യോഗസ്ഥരും അന്നത്തെ സി.എം.ഡിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന്, മന്ത്രിയും മുഖ്യമന്ത്രിയെ കാണുകയും, GNA വഴി വൈദ്യുതി വാങ്ങുന്നതിലുള്ള തന്റെ വിയോജിപ്പ് ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, നവംബര്‍ 4-ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍, GNA വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിക്കുകയാണുണ്ടായത്.' ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കെഎസ്ഇബിയുടെ പുതിയ സിഎംഡി എന്‍. പ്രശാന്തും, ഊര്‍ജ്ജ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറും ഈ കരാറില്‍ ഒപ്പുവെക്കുന്നതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടേറിയറ്റിലെ വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് (TNIE) വെളിപ്പെടുത്തി. 'വിവാദങ്ങള്‍ക്കിടയില്‍ മുഖം രക്ഷിക്കുന്നതിനായി, വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് സര്‍ക്കാര്‍ തല്‍ക്കാലം പിന്മാറിയിരിക്കുകയാണ്. ' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates