തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം സമഗ്രമായി വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്യുന്നതും പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ന്യൂഡൽഹിയിലെ ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച് സീനിയർ ഫെലോയും ഏരിയ കൺവീനറുമായ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടി സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ ജോർജ് കെ വർഗീസ് എന്നിവരാണ് സമിതിയിലെ വിദഗ്ധ അംഗങ്ങൾ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ സമിതിയുടെ കൺവീനറായി പ്രവർത്തിക്കും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു നഗരങ്ങളിലെയും വായു ഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ സമിതി വിശദമായി പരിശോധിക്കും. കാലാവസ്ഥയ്ക്കും പ്രദേശങ്ങൾക്കുമനുസരിച്ചുള്ള വ്യതിയാനങ്ങൾ, വിവിധ ഏജൻസികളും നിരീക്ഷണ സംവിധാനങ്ങളും റിപ്പോർട്ട് ചെയ്യുന്ന വായു ഗുണനിലവാര സൂചികയിലെ കണക്കുകളിലുള്ള വ്യത്യാസങ്ങളുടെ കാരണങ്ങൾ എന്നിവയും സമിതി വിലയിരുത്തും. സംസ്ഥാനത്ത് വായു ഗുണനിലവാര വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആധികാരിക മാനദണ്ഡവും സമിതി ശുപാർശ ചെയ്യും.
നിലവിലുള്ള വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളുടെ പര്യാപ്തതയും വിശ്വാസ്യതയും സമിതി പരിശോധിക്കും. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ പ്രവർത്തനങ്ങൾ, റോഡുകളിലെ പൊടിപടലങ്ങൾ, മാലിന്യം കത്തിക്കൽ, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങി വായുമലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളും സമിതി കണ്ടെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates