കൊച്ചി: കേരളത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി പൊലീസ് കണക്കുകള്‍. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍, സാമ്പത്തിക തര്‍ക്കങ്ങള്‍, മാനസികമായ ഉപദ്രവങ്ങള്‍ എന്നിവയാണ് പരാതികളില്‍ ഏറെയും. 25നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായി പരാതിയുമായി എത്തുന്നത്. ഇതില്‍ തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടുന്ന കേസുകളും ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും പീഡനം നേരിടേണ്ടിവന്ന യുവതിയുടെ അനുഭവമാണ് ഇതില്‍ ഒന്ന്. സ്ത്രീധനമായി വാഗ്ദാനം ചെയ്ത കാറായിരുന്നു പീഡനത്തിന് കാരണം. കുടുംബം ഇതിനകം കടബാധ്യതയിലായതിനാല്‍ കാര്‍ വാങ്ങി നല്‍കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിനോട് പറഞ്ഞതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് പരാതി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ പീഡനം സഹിക്കാനാകാതെ യുവതി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ഗുളിക കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു.
അറുപതുകളുടെ അവസാനത്തിലുള്ള മറ്റൊരു സ്ത്രീ നേരിട്ടത് ഭര്‍ത്താവിന്റെ നിരന്തര അധിക്ഷേപങ്ങളാണ്. ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവ് തന്നെ നിരന്തരം വാക്കുകള്‍കൊണ്ട് അപമാനിച്ചെന്നാണ് പരാതി. ഭര്‍ത്താവ് അയച്ച പണം ഉപയോഗിച്ചാണ് ഇരുവരും വീട് നിര്‍മിച്ചത്. എന്നിട്ടും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സ്വത്തും പണവും സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമങ്ങളാണ് തര്‍ക്കത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സ്ത്രീധന ആവശ്യങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും മാനസിക പീഡനങ്ങളും ഉള്‍പ്പെടെ ഗാര്‍ഹിക പീഡനത്തിന്റെ വിവിധ രൂപങ്ങളാണ് കേരള പൊലീസിന് ലഭിക്കുന്ന പരാതികളിലൂടെ പുറത്തുവരുന്നത്.
ഒരു മാസത്തിനിടെ 1,172 പരാതികള്‍
കേരള പൊലീസ് ആരംഭിച്ച 'സ്പീക് അപ്' (Speak Up) പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിലേറെ സമയത്തിനുള്ളില്‍ 1,172ലധികം പരാതികളാണ് ലഭിച്ചത്. ഇതില്‍ മുന്നൂറോളം കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണവും വാഹനങ്ങളും ആവശ്യപ്പെട്ടുള്ള സ്ത്രീധന പീഡനങ്ങളും വിവാഹസമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പേരിലുള്ള ഉപദ്രവങ്ങളുമാണ് പരാതികളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗത്തിനും പിന്നില്‍ സ്ത്രീധനം പൊതുഘടകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ശാരീരിക ആക്രമണം മാത്രമല്ല ഗാര്‍ഹിക പീഡനമെന്ന് പദ്ധതിയുടെ ചുമതലയുള്ള നോഡല്‍ ഓഫിസര്‍ എസ് അജിത ബീഗം പറഞ്ഞു. ഭര്‍ത്താക്കന്മാരേക്കാള്‍ കൂടുതല്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് കടുത്ത മാനസിക പീഡനം നേരിടുന്ന സ്ത്രീകളുമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ ഭാര്യ നേരിട്ട പീഡനമാണ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഭര്‍ത്താവ് മാസങ്ങളോളം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍, വീട്ടിലെ ചെറിയ ചെലവുകള്‍ക്കുപോലും ഭര്‍തൃവീട്ടുകാര്‍ നിരന്തരം ചോദ്യം ചെയ്യുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ യുവതിക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.
370 പേര്‍ക്ക് ചികിത്സാ സഹായം
പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി. ഏതാണ്ട് 370 കേസുകളില്‍ വൈദ്യസഹായം ആവശ്യമായി വന്നു. 14 സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി. 12 പേര്‍ക്ക് നിയമസഹായവും ലഭ്യമാക്കി. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകളെ പൊതുവെ രണ്ടുവിഭാഗങ്ങളായി കാണാമെന്ന് അജിത ബീഗം പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭര്‍ത്താവിനെ താക്കീത് ചെയ്യണമെന്നോ കൗണ്‍സലിങ് നല്‍കണമെന്നോ ആവശ്യപ്പെട്ട് എത്തുന്നവരാണ് ഒരു വിഭാഗം. ശാരീരിക പീഡനം നേരിട്ടശേഷം നിയമനടപടി ആവശ്യപ്പെട്ട് എത്തുന്നവരാണ് മറ്റൊരു വിഭാഗം. മാനസിക പീഡനവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഹിക പീഡനം സമൂഹത്തില്‍ എല്ലാകാലത്തും നിലനിന്നിരുന്ന യാഥാര്‍ഥ്യമാണെന്ന് എഡിജിപി പി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കി ഇടപെടുമ്പോള്‍ പരാതികള്‍ തുറന്നുപറയാന്‍ ജനങ്ങള്‍ക്ക് ധൈര്യവും വേദിയും ലഭിക്കും. ഇതും പരാതികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പൊലീസിന്റെ മറ്റ് നിരവധി ചുമതലകളില്‍ ഒന്നായാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ക്യാംപയിന്‍ മാതൃകയില്‍ 'സ്പീക് അപ്' നടപ്പാക്കുന്നതിലൂടെ ഗാര്‍ഹിക പീഡനത്തിന് പ്രത്യേക ശ്രദ്ധ നല്‍കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, മാനസികാഘാതം നേരിട്ടവരെ കൈകാര്യം ചെയ്യേണ്ട രീതി എന്നിവയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരാതിക്കാരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും പ്രശ്‌നങ്ങളില്‍ മുന്‍കൂട്ടി ഇടപെടുകയും ചെയ്യുകയാണ് ഇവരുടെ ചുമതല. പീഡനം നേരിടുന്നതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കും കുടുംബത്തിന്റെയോ സാമ്പത്തികമായോ പിന്തുണയില്ലാത്തവര്‍ക്കും പൊലീസ് അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്. പ്രതിദിനം ശരാശരി 30 പരാതികളാണ് പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates