കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളെയും സർക്കാർ ജോലി സംവരണത്തെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന വിധിന്യായമാണ് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. മേൽത്തട്ട് അഥവാ ക്രീമിലെയർ പരിധി കണക്കാക്കാൻ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവരുമാനവും സ്വത്തും നിർബന്ധമായും പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ഇതോടെ, സ്വകാര്യ മേഖലയിൽ ഉയർന്ന വരുമാനമുള്ളവരുടെ മക്കൾക്ക് നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ദുഷ്കരമാകും.
നീറ്റ് , കീം എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് 17- വയസ്സുകാരായ വിദ്യാർഥികളാണ് റവന്യൂ അധികാരികൾ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് നിരസിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നാം ഹർജിക്കാരൻ: ഈഴവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പിതാവിന് 1.12 കോടി രൂപ വാർഷിക വരുമാനവും രണ്ട് ഫ്ലാറ്റുകൾ, 5 സെന്റ് ഭൂമി, ഔഡി, ഹോണ്ട സിറ്റി എന്നീ ആഡംബര കാറുകളും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ സ്വത്ത് പരിധിക്കും മുകളിലുള്ള ആസ്തിയുണ്ടായിരുന്നു.
രണ്ടാം ഹർജിക്കാരൻ: യുകെയിലെ പ്രമുഖ മൾട്ടിനാഷണൽ ബാങ്കിൽ ജോലി ചെയ്യുന്ന എൻആർഐയുടെ മകനായിരുന്നു. വാർഷിക വരുമാനം ഏകദേശം 33 ലക്ഷം രൂപയായിരുന്നു.
സ്വകാര്യ മേഖലയിലെ ശമ്പള വരുമാനം ക്രീമിലെയർ നിർണ്ണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും, സുപ്രീം കോടതിയുടെ 'രോഹിത് നാഥൻ' കേസ് വിധി ഇതിന് നിദാനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ സംവരണം കൈയടക്കുന്നത് യഥാർത്ഥ പിന്നാക്കക്കാരോടുള്ള അനീതിയാണെന്ന് നിരീക്ഷിച്ചു.
ഇന്ത്യയിൽ ഒബിസി വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അവർ നോൺ-ക്രീമിലെയർ പരിധിയിൽ വരേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാനങ്ങളിലല്ലാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കാര്യത്തിൽ സാധാരണയായി ലഭിക്കുന്ന ശമ്പളവരുമാനം നേരിട്ട് കൂട്ടിയിണക്കാതെ, കുടുംബത്തിന്റെ കാർഷിക വരുമാനവും മറ്റ് സ്വത്തുക്കളും പരിഗണിക്കുന്നതായിരുന്നു റവന്യൂ വകുപ്പിന്റെ പൊതുരീതി. എന്നാൽ സ്വകാര്യ മേഖലയിൽ ഉയർന്ന പദവികളിൽ പ്രവർത്തിച്ച് വൻ തുക ശമ്പളം കൈപ്പറ്റുന്നവർക്കും ഈ രീതി വഴി ആനുകൂല്യം ലഭിക്കുന്നു എന്ന തർക്കമാണ് കോടതിയിലെത്തിയത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇനി മുതൽ ക്രീമിലെയർ പരിധി നിർണ്ണയിക്കുമ്പോൾ പരിഗണിക്കണം എന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ വലിയൊരു നയപരമായ മാറ്റത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
സർക്കാർ സർവീസിലെ ഉദ്യോഗസ്ഥരിൽ ആർക്കൊക്കെ സംവരണം നിഷേധിക്കപ്പെടണം എന്നത് വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. എട്ട് ലക്ഷത്തിൽ കൂടുതൽ വരുമാനം അല്ലെങ്കിൽ സ്വത്ത് പരിധിയാണ് ഇവിടെ അടിസ്ഥാനം. തസ്തികകളുടെ പദവിയാണ് ഇവിടെ പ്രധാന മാനദണ്ഡം. കേന്ദ്ര-സംസ്ഥാന സർവീസുകളിലെ ഒന്നു മുതൽ നാലു വരെയുള്ള ഗ്രൂപ്പുകളിൽ ക്ലാസ് 1 (Group A) ഉദ്യോഗസ്ഥർ നേരിട്ട് ക്രീമിലെയർ പരിധിയിൽ വരും. ഇതിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ 35 വയസ്സിന് മുൻപ് എത്തുന്നവരും ഉൾപ്പെടുന്നു. മാതാപിതാക്കൾ രണ്ടുപേരും ക്ലാസ് 2 (Group B) വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥരാണെങ്കിലും ആ കുടുംബത്തിലെ കുട്ടികൾ ക്രീമിലെയർ പരിധിയിലാകും. കുടുംബത്തിന്റെ 30 ലക്ഷം രൂപ വരെ മൂല്യമുള്ള നഗരങ്ങളിലെ വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ ഭൂമികൾ, നിക്ഷേപങ്ങൾ, ആഡംബര വാഹനങ്ങൾ എന്നിവയും മറ്റ് ബിസിനസ് വരുമാനങ്ങളുമാണ് നിലവിൽ 8 ലക്ഷം രൂപ എന്ന വാർഷിക വരുമാന പരിധിക്കുള്ളിൽ വരുന്നത്.
സർക്കാർ ഉദ്യോഗസ്ഥരിലെ ക്ലാസ് 1, ക്ലാസ് 2 പോലെയുള്ള തസ്തികകൾക്ക് തതുല്യമായ പദവികൾ സ്വകാര്യ മേഖലയിൽ ഏതാണെന്ന് കൃത്യമായി വിജ്ഞാപനം ചെയ്യാൻ സർക്കാരിന് മുൻപ് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെയും സ്വകാര്യ ബാങ്കുകളിലെയും ഐ.ടി മേഖലയിലെയും ഉയർന്ന പദവികൾ ഏതെന്ന് ഔദ്യോഗികമായി തരംതിരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 2015 ജനുവരി 1-ലെ സർക്കാർ ഉത്തരവ് പ്രകാരം, തത്തുല്യ തസ്തികകൾ സർക്കാർ നിർണ്ണയിക്കാത്ത സാഹചര്യത്തിൽ വാർഷിക വരുമാനവും സ്വത്തുക്കളുമാണ് അളവുകോലാക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതിനാലാണ് സ്വകാര്യ മേഖലയിൽ ലഭിക്കുന്ന ശമ്പളവരുമാനം നേരിട്ട് മറ്റ് വരുമാനങ്ങൾക്കൊപ്പം കൂട്ടി കണക്കാക്കാൻ കോടതി ഉത്തരവിട്ടത്.
കേരളത്തിൽ കീം, നീറ്റ് തുടങ്ങിയ എൻട്രൻസ് പരീക്ഷകൾ വഴി നടക്കുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിൽ എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കാൻ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വില്ലേജ് ഓഫീസുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ മാതാപിതാക്കളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഐ.ടി റിട്ടേണുകളും സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള സർട്ടിഫിക്കറ്റുകളും നിർബന്ധമായി പരിശോധിക്കേണ്ട സാഹചര്യം വരും. സ്വകാര്യ മേഖലയിൽ പ്രതിവർഷം 8 ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വരികയും, അവർക്ക് അർഹതപ്പെട്ട സംവരണ ആനുകൂല്യം നഷ്ടപ്പെട്ട് ജനറൽ അഥവാ ഓപ്പൺ മെറിറ്റ് സീറ്റുകളിലേക്ക് മാറേണ്ടി വരികയും ചെയ്യും.
സ്വകാര്യ മേഖലയിലെ തസ്തികകളെ സർക്കാറിലെ ഗ്രൂപ്പ് എ, ബി തസ്തികകളുമായി കൃത്യമായി താരതമ്യം ചെയ്ത് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വഴി. അല്ലെങ്കിൽ നിലവിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയോ, റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടൽ വഴി വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയോ ചെയ്യേണ്ടിവരും. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതു സർവീസിലും ഒരുപോലെ സ്വാധീനം ചെലുത്തുന്ന വിഷയമായതിനാൽ, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്കാണ് ഈ വിധി വഴിതുറക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates