കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ബസ് ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല. ആളുകളുടെ കാലന്മാരാകുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാക്കനാട് സ്വകാര്യ ബസ്സ് ഇടിച്ചു മരിച്ച ഐടി ജീവനക്കാരി അക്ഷരയുടെ അപകടത്തിന്റെ വീഡിയോ കണ്ടശേഷമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. ആ പെണ്‍കുട്ടിക്ക് ഇനിയും നീങ്ങി നടക്കാന്‍ സ്ഥലമില്ല. ആര്‍ക്ക് വേണമെങ്കിലും ഇതു സംഭവിക്കാം. ഫുട്പാത്ത് അവിടെ ഇല്ല. ആളുകള്‍ ജീവനോടെ വീട്ടില്‍ തിരിച്ചെത്തുമെന്ന് എന്ത് ഗ്യാരണ്ടി. എന്ത് തരം ഡ്രൈവിങ്ങാണ് ഇത്. കില്ലിങ് മെഷീന്‍ പോലെ ആകുന്നു ചില വാഹനങ്ങളെന്നും കോടതി കുറ്റപ്പെടുത്തി. ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍ വാഹനം ഓടിക്കാന്‍ യോഗ്യനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡ്രൈവര്‍മാര്‍ നിയമത്തെ വകവെക്കുന്നില്ല. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലെങ്കില്‍ എന്ത് ചെയ്യും. ഇത് അവസാനിച്ചെ മതിയാകു. അതിന് പൊലീസിന് എന്തെങ്കിലും പ്ലാന്‍ ഉണ്ടോയെന്ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ കൊച്ചി എസിപി അരുണ്‍ കെ പവിത്രനോട് കോടതി ചോദിച്ചു. അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടക്കം ഉണ്ടെന്ന് കേള്‍ക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. 20 ഓളം കേസുകളുണ്ടെന്ന് എസിപി മറുപടി നല്‍കി.
കേസുകളുള്ളവര്‍ക്ക് വീണ്ടും വാഹനം ഓടിക്കാന്‍ എങ്ങനെ അനുമതി ലഭിക്കുന്നുവെന്ന് കോടതി ചോദിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ജീവനക്കാരാക്കിയാല്‍ ബസ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ ഫുട്പാത്തുകളില്ല. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കൊച്ചിയില്‍ റോഡുകളില്‍ ഫുട്പാത്ത് നിര്‍മ്മിക്കാന്‍ കൊച്ചി കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു. കാക്കനാട് സ്വകാര്യ ബസ് ഇടിച്ചു മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പു ചോദിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates