കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ജൂലൈ 10ലേക്ക് മാറ്റി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ നിയമനടപടി നേരിടുകയാണ്. കുടുംബത്തില്‍നിന്ന് സംരക്ഷണം തേടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെയും സര്‍ക്കാര്‍ അഭിഭാഷകന്റെയും വാദങ്ങളില്‍നിന്നും ഹര്‍ജിക്കാരിയുടെ ജീവന് സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഹര്‍ജിക്കാരിയുടെ ജീവന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എസ്എച്ച്ഒയോട് കോടതി നിര്‍ദേശിച്ചു.
കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പൊലീസ് ഭര്‍ത്താവിന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഏതാനും നാളുകള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഏലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ അറസ്റ്റ് തടയണമെന്നും തനിക്ക് പ്രായപൂര്‍ത്തിയായെന്നും അവകാശപ്പെട്ട് പെണ്‍കുട്ടിയും ഫര്‍ഹാനും കോടതിയെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഫര്‍മാന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കുംഭമേളയില്‍ മാല വില്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പെണ്‍കുട്ടി പ്രശസ്തയായത്.
Kerala High Court Grants Police Protection to Viral Kumbh Mela Girl
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates