

മുംബൈ ഇന്ത്യൻസിലെ ഹർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിരിക്കെ, ഐപിഎല്ലിലെ വൻ ട്രേഡുകളിൽ ഒന്നാക്കി ഹർദികിനെ കൈമാറുന്നത് എങ്ങനെ മാറ്റാമെന്ന കാര്യത്തിൽ ശ്രദ്ധേയ വിലയിരുത്തലുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഗുജറാത്ത് ടൈറ്റൻസിൽ നിന്നു രോഹിത് ശർമയുടെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം നൽകി ഹർദികിനെ എത്തിച്ച മുംബൈ ഇന്ത്യൻസിന്റെ നീക്കം അമ്പേ പാളിപ്പോയിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും താരത്തിന്റെ പ്രകടനവും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. മുംബൈ ഈ മൂന്ന് സീസണിൽ ഒരിക്കൽ മാത്രമാണ് പ്ലേ ഓഫ് കണ്ടത്.
നിലവിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമാണ് ഹർദികിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഹർദികിനെ കൈവിടാൻ മുംബൈ തീരുമാനിച്ചാൽ സിഎസ്കെയും കെകെആറും മുന്നിലുണ്ടാകുമെന്നു അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറയുന്നു. മുംബൈ ഹർദികിന്റെ പകരക്കാരനായി ആവശ്യപ്പെടേണ്ട താരങ്ങളെയാണ് അശ്വിൻ ഈ വിഡിയോയിൽ പറയുന്നത്. കെകെആറുമായി മുംബൈ തങ്ങളുടെ കരുത്ത് വർധിപ്പിക്കുന്ന ഓഫർ മാത്രമേ സ്വീകരിക്കാവു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
'സിഎസ്കെ അല്ലെങ്കിൽ കെകെആർ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് ഹർദിക് പോകാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. നിലവിൽ ഹർദികിനു പകരം ശിവം ദുബെ, ഒരു പേസർ എന്ന ഓഫറാണ് സിഎസ്കെ മുന്നിൽ വച്ചിട്ടുള്ളത്. കെകെആർ കാമറൂൺ ഗ്രീനിനെ നൽകാമെന്നും ഓഫർ നൽകിയതായി ചർച്ചകളുണ്ട്. എന്നാൽ അടുത്ത വർഷം ഗ്രീൻ ആഷസ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കും. ഞാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനം എടുക്കുന്ന ആളെങ്കിൽ ഒരൊറ്റ നിബന്ധനയിൽ മാത്രമേ കെകെആറുമായി കൈകോർക്കു. ഹർദികിനു പകരം ഹർഷിത് റാണയേയും റിങ്കു സിങിനേയും നൽകണം. എങ്കിൽ മാത്രമേ മുംബൈ ടീം കൂടുതൽ കരുത്തുറ്റതാകു.'
'ഹർദികിന്റെ ട്രേഡിലൂടെ സിഎസ്കെ ആണോ കെകെആർ ആണോ കൂടുതൽ കരുത്തരാകുന്നത് എന്നു മുംബൈ ആലോചിക്കും. സിഎസ്കെ ദുബെയേയും ഒരു ഇന്ത്യൻ പേസറേയും നൽകി ഹർദികിനെ സ്വന്തമാക്കിയാൽ അവർ കരുത്തരാകും. എന്നാൽ തോൽപ്പിക്കാനാകാത്ത ടീം ആകില്ല. കെകെആറിനു ഹർദികിനെ ലഭിച്ചാൽ അവർ അതിശക്തരാകും. ഹർദിക് കൂടി വന്നാൽ കെകെആറിന്റേത് മാരക ബാറ്റിങ് നിരയാകും. 5, 5, 3 വീതം കിരീടങ്ങൾ നേടിയ 3 ടീമുകളാണിത്. അതിനാൽ ഇതിലൊരു ടീം തങ്ങളെ മറികടക്കുന്നില്ലെന്നു ഉറപ്പാക്കാൻ മുംബൈ എന്തായാലും ശ്രദ്ധിക്കും'- അശ്വിൻ വ്യക്തമാക്കി.
ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷം സ്റ്റീഫൻ ഫ്ലെമിങ് പിടിയറങ്ങി പുതിയ പരിശീലകന്റെ തന്ത്രങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ചെന്നൈ. കൊൽക്കത്തയാകട്ടെ അജിൻക്യ രഹാനെ പടിയിറങ്ങിയ സാഹചര്യത്തിൽ പുതിയ നായകന്റെ കീഴിൽ മിന്നും തുടക്കമിടാനുള്ള നീക്കങ്ങളിലും.
ഹർദികിനും ഐപിഎല്ലിലെ തിരിച്ചു വരവിന് ടീം മാറ്റം അനിവാര്യമാണ്. ഇക്കഴിഞ്ഞ സീസണിൽ താരം ബാറ്റിങിലും ബൗളിങിലും ക്യാപ്റ്റൻസിയിലുമൊക്കെ ശരാശരി മാത്രമായിരുന്നു. കാര്യമായ സംഭവാന ഒന്നുമില്ല. 10 കളിയിൽ നിന്നു 206 റൺസും 4 വിക്കറ്റും മാത്രമാണ് നേടാനായത്. സമീപകാലത്തെ ഏറ്റവും മോശം സീസൺ കൂടിയായിരുന്നു മുംബൈക്ക് 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates