

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്രൈഞ്ചൈസി ക്രിക്കറ്റിൽ സജീവമാകാൻ ഒരുങ്ങി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഈ മാസം 26 മുതൽ ആരംഭിക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിൽ രഹാനെ ആംസ്റ്റർഡാം ഫ്ലെയിംസിനായി കളിക്കും. ടീമിന്റെ മാർക്വീ താരമായി രഹാനെ കരാർ ഒപ്പിട്ടു.
ജൂലൈ 30നാണ് രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച താരമാണ് രഹാനെ. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
നിലവിൽ ദി ഹണ്ട്രഡ് ലീഗിൽ കമന്റേറ്ററായി രഹാനെ ഇംഗ്ലണ്ടിലാണുള്ളത്. ആംസ്റ്റർഡാം ഫ്ലെയിംസിന്റെ സഹ സ്ഥാപകനും ചീഫ് ക്രിക്കറ്റ് ഓഫീസറുമായ മുൻ ഓസ്ട്രേലിയൻ ഇതിഹാസ നയാകൻ സ്റ്റീവ് വോ രഹാനെയെ ടീമിലേക്ക് സ്വാഗതം ചെയ്തു. സ്റ്റീവ് വോയ്ക്കൊപ്പം ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ആംസ്റ്റർഡാം ഫ്ലെയിംസിന്റെ സഹ ഉടമകളിൽ ഒരാളാണ്.
'ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്. ഈ കളിയെ നമ്മൾ കടന്നു വന്നതിനേക്കാൾ കരുത്തുറ്റതാക്കി മാറ്റിയ ശേഷം മാത്രമേ വിരമിക്കാവു എന്നു ഞാൻ എപ്പോഴും വിശ്വസിക്കുന്നു. യൂറോപ്പ് ഇപ്പോൾ ക്രിക്കറ്റിനെ സംബന്ധിച്ച് ആവേശകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ക്രിക്കറ്റിൽ വലിയ സാധ്യതകളുള്ള മേഖലയായി മാറാൻ യൂറോപ്പിനു കഴിയും. മൈതാനത്തും പുറത്തും വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന അർഥവത്തായ ഒരു കാര്യം കെട്ടിപ്പടുക്കാനുള്ള ആംസ്റ്റഡാം ഫ്ലെയിംസിന്റെ ആഗ്രഹമാണ് എന്നെ ആകർഷിച്ചത്. അടുത്ത തലമുറയിലെ താരങ്ങൾക്ക് പ്രചോദനമാകാനും യൂറോപ്പിലുടനീളം ക്രിക്കറ്റിന്റെ ഭാവി ശക്തമാക്കാനും ശ്രമിക്കുന്നതോടൊപ്പം ഒരു മികച്ച ഫ്രാഞ്ചൈസി പടുത്തുയർത്താൻ മാനേജ്മെന്റിനൊപ്പം പ്രവർത്തിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്'- ടൂർണമെന്റ് സംഘാടകർ പുറത്തുവിട്ട പ്രസ്താവനയിൽ രഹാനെ വ്യക്തമാക്കി.
'ഒരു പ്രൊഫഷണൽ ക്രിക്കറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്ന മികവ്, പ്രതിരോധ ശേഷി, വിനയം, നേതൃപാടവം എന്നിവയെല്ലാം അജിൻക്യ രഹാനെയ്ക്കുണ്ട്. മൈതാനത്ത പ്രകടനങ്ങളിലൂടെ മാത്രമല്ല കളിക്കളത്തിലും പുറത്തും പെരുമാറുന്ന രീതി കൊണ്ടും അദ്ദേഹം ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ ആദരവ് നേടിയെടുത്ത അപൂർവം താരമാണ്. സമ്മർദ്ദ ഘട്ടങ്ങളിൽ അദ്ദേഹം പുലർത്തുന്ന ശാന്തതയും നേതൃപാടവവും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വിജയകരമായ ഒരു കായിക സംസ്കാരം ടീമിൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം ഉപകരിക്കും. ആംസ്റ്റർഡാം ഫ്ലെയിംസിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്ലബുകളിൽ ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃ മികവും മികച്ച വ്യക്തിത്വവും വളരെയധികം സഹായിക്കും'- സ്റ്റീവ് വോ പറഞ്ഞു.
ഐപിഎല്ലിൽ ആറ് ടീമുകൾക്കായി 212 മത്സരങ്ങൾ കളിച്ച വലിയ അനുഭവസമ്പത്തുള്ള താരമാണ് രഹാനെ. 5,367 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2025, 26 സീസണുകളിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റനായിരുന്നു രഹാനെ. 2023ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അദ്ദേഹം ഐപിഎൽ കിരീടവും നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates