

ഇസ്ലാമബാദ്: പാകിസ്ഥാൻ ഓൾ റൗണ്ടർ ഹംസ നസറിന് രണ്ട് വർഷത്തെ വിലക്ക്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും താരത്തെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനൊപ്പം 10 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുഖേന വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് പിസിബി തീരുമാനം പ്രഖ്യാപിച്ചത്.
പാക് ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ഹംസ നസർ. പാകിസ്ഥാന്റെ കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാൽ വിസയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ വിനയായി മാറി. പിന്നാലെയാണ് ഇരുട്ടടിയായി വിലക്കും വന്നത്.
വിസ അപേക്ഷാ വേളയിൽ ഹംസ സമ്പൂർണവും കൃത്യവുമായ വിവരങ്ങൾ നൽകിയില്ലെന്നാണ് പിസിബി പറയുന്നത്. താരം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സമർപ്പിച്ചെന്നും പ്രധാനപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഈ വിഷയം അന്വേഷിക്കുന്നതിനായി മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ് അന്വേഷണ സമിതിക്ക് മുന്നിൽ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും ഹംസയ്ക്ക് പിസിബി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates