jailbreaking incidents in kerala, representative image meta AI
Kerala

സിനിമയെവെല്ലും ജയിൽചാട്ടക്കഥകൾ;സോപ്പിൽ താക്കോൽപതിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശിവജി,പട്ടിണി കിടന്നു മെലിഞ്ഞ ജയാനന്ദൻ

ജയിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കഥകൾ സിനിമയെ വെല്ലുന്നതാണ് പലതും. കേരളത്തിലെയും ലോകത്തെയും ചില ജയിൽചാട്ടക്കഥകൾ സിനിമയെ വെല്ലുന്നവയാണ്

സമകാലിക മലയാളം ഡെസ്ക്

ലോകത്തെമ്പാടുമുള്ള ജയിൽച്ചാട്ടങ്ങളുടെ സാഹസികകഥകൾ നിരവധിയാണ്, സിനിമകളെ വെല്ലുന്ന യാഥാർത്ഥ്യങ്ങളാണ് അവ. രാഷ്ട്രീയത്തടവുകാർ മുതൽ കൊടുംകുറ്റവാളികൾ വരെ ജയിൽച്ചാട്ടത്തിന് ശ്രമിക്കുകയും ചിലർ വിജയിക്കുകയും ചിലർ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ജയിലിന് പുറത്തെത്തിയവരിൽ പോലും പലരും വൈകാതെ പിടിക്കപ്പെട്ടിട്ടുമുണ്ട്. അപൂ‍ർവ്വങ്ങളിൽ അപൂർവ്വമായി ഏതെങ്കിലും കേസ് മാത്രമായിരിക്കും പിടിക്കപ്പെടാതെ പോകുക. ചിലർ ജയിലിനു പുറത്ത് ലഭിക്കുന്ന കുറച്ച് നേരത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയോ മക്കളെയോ അടുത്ത ബന്ധുക്കളെയോ കാണാനോ ചാടുന്നവരാകാം. രാഷ്ട്രീയക്കാർ പൊതുവിൽ ചാടിയകഥകളിൽ അവരുടെ രാഷ്ട്രീയപ്രവർത്തനം തുടരുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണ്.

സൗമ്യക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ചാടുകയും വൈകാതെ തന്നെ പിടിക്കപ്പെടുകയും ചെയ്തത് ഇന്നാണ്. അതീവ സുരക്ഷയുള്ള ജയിലുകളിലൊന്നായി കണക്കാക്കപ്പെടുന്ന കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട് പുറത്തെത്തിയത്.

ഗോവിന്ദച്ചാമിGovindachamy (പൊലീസ് പുറത്തുവിട്ട ചിത്രം)
Pablo Escobar

ലോകത്തെ ഏറ്റവും വലിയ ജയിൽ ചാട്ടങ്ങളിലൊന്ന് മെഡലിൻ ലഹരിമരുന്ന് കാർട്ടൽ മാഫിയാ തലവൻ പാബ്ലോ എസ്കോബാറി​ന്റേതാണ്. പാബ്ലോ എസ്കോബാർ 1991 ജൂണിൽ കീഴടങ്ങിയെങ്കിലും വളരെയധികം സൗകര്യങ്ങളുള്ള ജയിലിലായിരുന്നു വാസം. 1992 ജുലൈയിൽ അദ്ദേഹം ജയിൽ ചാടി. സൗകര്യങ്ങൾ കുറഞ്ഞ ജയിലിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചതിനെ തുടർന്നാണെന്ന് ഈ ജയിൽചാട്ടമെന്ന് പറയപ്പെടുന്നു, ഈ ലഹരിമരുന്ന് മാഫിയ തലവ​ന്റെ ജയിൽ വാസവും ജയിൽ ചാട്ടവുമൊക്കെ ലോകമാധ്യങ്ങളിൽ നിറഞ്ഞു നിന്നു.

charles sobhraj

കുപ്രസിദ്ധനായ രാജ്യാന്തര കുറ്റവാളിയായ ചാൾസ് ശോഭരാജ് എന്ന ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാൾസ് ശോഭരാജിനെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസാണ്. 1976 മുതൽ 1997 വരെ തിഹാർ ജയിലിൽ കഴിഞ്ഞ ശോഭരാജിനെ ശിക്ഷ കഴിഞ്ഞ് ഫ്രാൻസിലേക്ക് നാടുകടത്തി. ഇതിനിടയിൽ 1986 ൽ തിഹാർ ജയിലിൽ നിന്നും ചാടിയ ശോഭരാജിനെ ദിവസങ്ങൾക്ക് ശേഷം ഗോവയിൽ നിന്നാണ് പിടികൂടിയത്. തിഹാറിലെ ശിക്ഷയ്ക്ക് ശേഷം ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ശോഭരാജ് പിന്നീട് നേപ്പാളിലെത്തി. അവിടെ വച്ച് 1975ലെ കേസിൽ അറസ്റ്റിലായി. ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലയളവിനിടയിൽ ജയിൽ ചാടാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

കേരളത്തിൽ ജയിൽചാട്ടങ്ങൾക്ക് ഒട്ടും കുറവില്ലാത്ത സ്ഥലമാണ്. എന്നാൽ, വിവാദകേസുകളിൽ ശിക്ഷിക്കപ്പെട്ടവരോ പ്രതികളാക്കപ്പെട്ടവരോ ജയിലിൽ നിന്ന് രക്ഷപ്പെടാൻ മുതിരുമ്പോൾ മാത്രമാണ് വാ‍ർത്തയാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ തടവ് ചാടാൻ ശ്രമിച്ചവരായി അറിയപ്പെടുന്നത് ലഭ്യമായ രേഖകൾ പ്രകാരം ശിവജിയും റിപ്പർ കെ പി ജയാനന്ദനുമാണ്. 2019 ൽ കേരളത്തിലാദ്യമായി രണ്ട് സ്ത്രീതടവുകാരും ജയിൽചാടിയിട്ടുണ്ട്.

സാഹചര്യങ്ങൾ കൊലക്കേസിൽ പ്രതിയാക്കി, ഭാര്യ മരിച്ചതോടെ അനാഥയായ മകളെ കാണാൻ നാല് തവണ ജയിൽ ചാട്ടം, 30 വർഷത്തിലേറെ നീണ്ട ശിക്ഷാകാലയളവ്, അവസാനം, 2022 ജൂണിൽ 60 വയസ് കഴിഞ്ഞ ശിക്ഷാതടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിനെ തുടർന്ന് ശിവജി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.

കുട്ടനാട്‌ പുളിങ്കുന്ന്‌ കണ്ണാടി സ്വദേശി ശിവജിയുടെ കഥയിങ്ങനെയാണ്. സുഹൃത്തിനെ അടിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ആലപ്പുഴ ജിനദേവൻ കൊലക്കേസിലാണ് ശിവജി ശിക്ഷിക്കപ്പെട്ടത്. കൊലപാതകത്തിന്‌ ശേഷം പാലക്കാട്‌ മൂണ്ടൂരിലേക്ക്‌ മുങ്ങിയ ശിവജി അവിടെ പരിചയപ്പെട്ട സത്യഭാമയെ വിവാഹം ചെയ്‌തു. അതിൽ അവ‍ർക്ക് ഒരു മകൾ ജനിച്ചു. മകൾക്ക് ഒമ്പത്‌ ദിവസമായപ്പോൾ ശിവജി പൊലീസ്‌ പിടിയിലായി. ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സത്യഭാമ ജീവനൊടുക്കി. പിന്നീട്‌ മകൾ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മയില്ലാതെ കഴിയുന്ന മകളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ശിവജി നാല് തവണയും ജയിൽ ചാടിയത്. അതോടെ ശിക്ഷാകാലാവധി കൂടിക്കൊണ്ടേയിരുന്നു.

പൊലീസ്‌ റിപ്പോർട്ട്‌ അനുകൂലമാകാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിച്ചില്ല. ഒരിക്കലും പരോളും ലഭിച്ചില്ല. രണ്ട്‌ തവണ പ്രത്യേക ഇളവിൽ മോചിപ്പിക്കാവുന്നവരുടെ പട്ടികയിൽ വന്നെങ്കിലും ഒഴിവാക്കപ്പെട്ടു. പിന്നീട് അച്ഛൻ ജയിലിലുണ്ടെന്നറിഞ്ഞ മകൾ, മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് കോവിഡ് കാലത്ത് പരോളും പിന്നീട് മോചനവും ലഭിക്കുന്നത്.

sivaji

വളരെ പ്രശസ്തമായ ജയില്‍ചാട്ടമായിരുന്നു ശിവജി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടത്തിയതെന്ന് മുൻ ജയിൽ ഡി ഐ ജി സന്തോഷ് എസ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. "ശിവജി സെന്‍ട്രല്‍ ജയിലിലേക്ക് വരുന്നതറിഞ്ഞ് അവിടുത്തെ സൂപ്രണ്ട് ഒരുപാട് മുന്‍കരുതലുകളെടുത്തിരുന്നു. മുതിര്‍ന്ന ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് ഇരുന്ന് കഴിഞ്ഞാല്‍ കാണാന്‍ പറ്റുന്ന മുറിയായിരുന്നു ശിവജിക്ക് നല്‍കിയത്. സൂപ്രണ്ടിന് അദ്ദേഹത്തിന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന സെല്ലിലാണ് ശിവജി ഇവിടുത്തെ ജയിലിൽ കേസിനായി കൊണ്ടുവരുമ്പോൾ പാർപ്പിച്ചിരുന്നത്. തുടര്‍ച്ചയായി ഇത് ആവ‍ർത്തിച്ചപ്പോൾ ശിവജിക്കു മനസ്സിലായി, ഈ മുറിയിലാണ് തന്നെ പാര്‍പ്പിക്കുന്നതെന്ന്. ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി അതുപയോഗിച്ച് ശിവജി പൂട്ടു തുറന്നു രക്ഷപ്പെടുകയായിരുന്നു. ഗേറ്റിന്റെ വാതിലുകള്‍ക്കിടയിലുള്ള ചെറിയ വിടവിലൂടെയാണ് പുറത്തേക്ക് ചാടുന്നത്. ആരുടെയോ കയ്യില്‍ സോപ്പില്‍ താക്കോല്‍ പതിപ്പിച്ചു കൊടുത്ത് ശിവജി ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി എന്നാണ് പിന്നീട് കണ്ടെത്തിയതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പെടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ പി ജയാനന്ദൻ ജയിൽ ചാടാൻ ശ്രമിച്ചതിനും ജയിൽ ചാടിയതിനും പിടിക്കപ്പെട്ടയാളാണ്.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ 2007-ൽ സെല്ലിൽ നിന്ന് പുറത്തേയ്ക്ക് തുരങ്കമുണ്ടാക്കാൻ ജയാനന്ദൻ ശ്രമിച്ചതായി അധികൃതർ അറിയിച്ചിരുന്നു. പിന്നീട് 2010ൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ജയാനന്ദൻ ചാടി. അഴികൾക്കിടയിലൂടെ കടക്കാൻ പട്ടിണി കിടന്നു മെലിഞ്ഞാണ് അന്നു രക്ഷപ്പെട്ടത്. സഹതടവുകാരനെയും കൂട്ടിയാണ് അവിടെ ജയിൽ ചാടിയത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം 2013ൽ പൂജപ്പുര സെന്‍ട്രൽ ജയിലിൽനിന്നാണ് ജയിൽ ചാടിയത്. രാത്രി സെല്ലിന്റെ പൂട്ട് ആക്‌സോ ബ്ലേഡ് കൊണ്ട് അറുത്തുമാറ്റിയാണ് അന്ന് രക്ഷപ്പെട്ടത്. വിവരം പെട്ടെന്ന് അറിയാതിരിക്കാൻ സെല്ലിൽ തലയിണയും കിടക്കയും മനുഷ്യാകൃതിയിൽ വച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ജയിൽ വളപ്പിൽ സൂക്ഷിച്ചിരുന്ന മുളയും മറ്റു തടികളും തുണികൊണ്ടു കൂട്ടിക്കെട്ടി ഏണി ഉണ്ടാക്കിയാണു ജയിലിന്റെ മതിൽ ചാടിയത്.

jayanandan

ജയിലിലായി 17 വർഷത്തിന് ശേഷം 2023 മാർച്ചിൽ മകൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് ആദ്യമായി പരോൾ ലഭിച്ചത്. 17 ദിവസത്തെ എസ്കോ‍ർട്ട് പരോളാണ് (പൊലീസ് കാവലോടെയുള്ള പരോൾ) അന്ന് നൽകിയത്. ഇതേ വർഷം ഒരിക്കൽ കൂടി ജയാനന്ദന് പരോൾ നൽകി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് രണ്ടാമത് പരോൾ അനുവദിച്ചത്. 2023 ഡിസംബ‍ർ 22, 23 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരോൾ. 23 ന് രാവിലെയായിരുന്നു പുസ്തകപ്രകാശനം.

കേരളത്തിലെ സ്ത്രീതടവുകാരുടെ ജയിൽ ചാട്ടം

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് 2019 ജൂൺ മാസമായിരുന്നു രണ്ട് വനിതാതടവുകാർ ജയിൽചാടിയത്. രണ്ട് ദിവസം കഴിഞ്ഞ് പിടിക്കപ്പെടുന്നതു വരെ ഇവ‍ർ പലരെയും കബളിപ്പിച്ചതായി പരാതിയും ഉയർന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു വനിത തടവുകാർ ജയിൽ ചാടുന്നത്. മോഷണക്കേസ് പ്രതികളായ പാലോട് ഊന്നുമ്പാറ സ്വദേശി ശിൽപ, വർക്കല സ്വദേശി സന്ധ്യ എന്നിവരാണ് വൈകുന്നേരം ജയിൽ ചാടിയത്. രണ്ട് രാത്രിയും രണ്ട് പകലും കഴിഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്.

ജയിലിൽ നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയമാണ് ഇവര്‍ ജയിൽ ചാടാൻ കാരണം. തയ്യൽ ജോലിക്ക് ജയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പോയപ്പോഴാണ് പരിസരം നിരീക്ഷിച്ചത്. ഇതോടെ ജയിൽ ചാടുന്നത് വ്യക്തമായി ആസൂത്രണം ചെയ്തു.

ജയിലിനു പുറകു വശത്ത് ശുചിമുറികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റിലെ മാലിന്യം ഇളക്കാനായി സൂക്ഷിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിൽ നനഞ്ഞ തോർത്തും സാരിയും ചുറ്റി പടിയുണ്ടാക്കി മതിലിൽ കയറിനിന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി അതിന്റെ മതിലും കടന്നാണ് ഇരുവരും പുറത്തു കടന്നത്.

ഐക്യ കേരളത്തിലെ രാഷ്ട്രീയ തടവുകാരുടെ ജയിൽ ചാട്ടം

നക്സലൈറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉന്മൂലന കേസിലെ പ്രതികളാണ് ആ ജയിൽചാട്ടം നടത്തിയത്.

1970 ജൂലൈ 30ന് ആണ് കോങ്ങാട് ആക്ഷൻ നടക്കുന്നത്. കോങ്ങാട് എ.എം. നാരായണൻകുട്ടി നായരുടേതായിരുന്നു ആ ഉന്മൂലനം

കോങ്ങാട് കേസിലെ വിധിന്യായത്തിൽതന്നെ ‘ ആരും സ്വന്തം താൽപര്യത്തിനു വേണ്ടിയല്ല കൊലനടത്തിയത്. തങ്ങൾ വിശ്വസിക്കുന്ന തത്ത്വശാസ്ത്രത്താൽ പ്രേരിതമായി സാമൂഹിക മാറ്റത്തിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്’ എന്നു പറയുന്നുണ്ട്. ആക്ഷനിൽ പങ്കെടുക്കുന്ന ആർക്കും തന്നെ കൊല്ലപ്പെട്ടയാളോട് വ്യക്തിപരമായി വൈരാഗ്യമുണ്ടായിരുന്നില്ല.

ഈ കേസിൽ പ്രധാന പ്രതിയായത് ആ സംഭവിത്തിൽ പൊളിറ്റിക്കൽ കമ്മിസാറായിരുന്ന മുണ്ടൂ‍ർ രാവുണ്ണി എന്ന എം എൻ രാവുണ്ണിയാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാലത്ത് അദ്ദേഹം വിയ്യൂർ ജയിൽ ചാടി. അദ്ദേഹത്തെ ഏറെ ദിവസങ്ങൾക്ക് ശേഷം കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. പിന്നീട് ഈ കേസിൽ ജീവപര്യന്തം തികച്ചു മുണ്ടൂർ രാവുണ്ണി.

Mundoor Ravunny

ഫ്യൂഡൽ കുടുംബത്തിലെ തലവനായിരുന്ന ചിന്നക്കുട്ടൻനായരുടെ അനിയനാണ് കൊലപ്പെട്ട നാരായണൻകുട്ടിനായർ. തല്ലാനും കൊല്ലാനും അധികാരമുള്ള തറവാടായിരുന്നു അത്. അവരുടെ അടുത്തബന്ധുവായിരുന്നു അന്നത്തെ ഐ.ജിയായിരുന്ന വി.എൻ. രാജൻ. നാരായണൻകുട്ടിനായർ, തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോകും. എപ്പോഴും എന്തിനും തയാറായി നിൽക്കുന്ന സിൽബന്തികൾ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാർ ഉണ്ടെങ്കിലും നാടുവിറപ്പിച്ച നാട്ടുരാജാക്കന്മാരെ പോലെയായിരുന്നു അവരെന്ന് രാവുണ്ണി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ അങ്ങനെയൊരു ആക്ഷൻ നടത്താൻ തീരുമാനിച്ചതെന്നും പറയുന്നുണ്ട്.

കേരളത്തിൽ വലുതും ചെറുതമായ എന്നാൽ അധികം ശ്രദ്ധ ലഭിക്കാത്ത നിരവധി ജയിൽ ചാട്ടങ്ങൾ നടക്കാറുണ്ട്. ലഭ്യമായ സർക്കാർ രേഖകൾ പ്രകാരം 2020 മാ‍ർച്ച് മുതൽ 2021സെപ്തംബർവരെയുള്ള കാലയളവിൽ 26 ജയിൽ ചാട്ടങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെ​ന്റ് സെ​ന്ററുകൾ, ആശുപത്രികൾ, കോടതിയിൽ കൊണ്ടുപോകുന്നതിനിടയിൽ അങ്ങനെ പലവഴികളിൽ രക്ഷപ്പെട്ടവരാണ്. ജയിൽ ചാടി രക്ഷപ്പെട്ടവർ അധികമില്ല. പലരെയും അന്ന് തന്നെ പിടികൂടിയിട്ടുണ്ട്. ചിലരെ മാസങ്ങൾക്ക് ശേഷമാണ്. ചിലരെ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് രേഖകൾ കാണിക്കുന്നത്.

Many stories of those who tried to escape from prison were unbelievable, Some jailbreaking stories from Kerala and the world are more than movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

SCROLL FOR NEXT