വി ശിവന്‍കുട്ടി/V Sivankutty 
Kerala

'വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും', ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

ഒരു അവസരം കിട്ടിയപ്പോള്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും, മാനേജനും പിടിഎ പ്രസിഡന്റും മോശമായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുതിരുകയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണം. സര്‍ക്കാരിന് മുകളില്‍ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒരു അവസരം കിട്ടിയപ്പോള്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുതിരുകയാണ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്, വെല്ലുവിളിയൊന്നു വേണ്ട, നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകും എന്നും മന്ത്രി അറിയിച്ചു. ഇന്നലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെ കത്തോലിക്ക സഭയും സ്‌കൂള്‍ മാനേജ്‌മെന്റും മന്ത്രിക്കെതിരെ സ്വരം കടുപ്പിച്ചതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ ആണ് നിലപാട് വ്യക്തമാക്കുന്നത് എന്ന് പരാമര്‍ശത്തോടെയായായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. ശിരോവസ്ത്രം ധരിച്ച കുട്ടിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി ലഭിച്ചു. അതിന്റെ ഭാഗമായി അന്വേഷണം നടത്തി അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് സാധാരണ നടപടിയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ടത് വിഷയത്തെ അതിന്റെ യഥാര്‍ഥ തലത്തില്‍ നിന്ന് മാറ്റി ചര്‍ച്ചയാക്കുന്നതാണ്. പ്രശ്‌നം പരിഹാരം കാണുന്നതിന് അപ്പുറത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യം. സ്‌കൂളിന് വേണ്ടി സംസാരിച്ച അഭിഭാഷകയ്ക്ക് കോണ്‍ഗ്രസ് ബന്ധമാണുള്ളത്. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കോ വേണ്ടിയോ രാഷ്ട്രീയ വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന് അനുവദിക്കാന്‍ കഴിയില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകും എന്നും മന്ത്രി വ്യക്തമാക്കി.

ഓരോ വിദ്യാലയവും നാടിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഭരണകഘടനാ വ്യവസ്ഥകള്‍, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍, വിദ്യാഭ്യാസ അവകാശ നിയമം, കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങള്‍ എന്നിവ പാലിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇതിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് വിനിയോഗിക്കുക തന്നെ ചെയ്യും. സ്‌കൂള്‍ അധികൃതര്‍, അഭിഭാഷക എന്നിവര്‍ നടത്തിയ പ്രതികരണങ്ങള്‍ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും വി ശിവന്‍ കുട്ടി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ഒരു വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടത് ആരാണെന്ന് സ്‌കൂള്‍ മാനേജ്മന്റിന് ഓര്‍മ്മവേണം. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷത്തിന് തന്നെയാണ് പ്രഥമ പരിഗണന. സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനം. പരിഹാരം കണ്ടെത്തിയ ശേഷം വീണ്ടും പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിധത്തില്‍ പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ ധാരണ പ്രകാരം പ്രശ്‌നം അവസാനിച്ച് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.

Hijab Row St. Ritas Public School : Kerala Minister V sivankutty reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT