കൊച്ചി: ഓരോ ദിവസവും നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും യാത്രക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമാകുന്നത്. ഒരു ശ്രദ്ധയുമില്ലാതെ വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ ഇട്ടതുമൂലം അപകടം ഉണ്ടായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്നാണ് കേരള പൊലീസ് പറയുന്നത്.
തോന്നുംപോലെ ഇടാനുള്ളതല്ല ഇന്‍ഡിക്കേറ്റര്‍. ഇന്‍ഡിക്കേറ്റര്‍ ഇടുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ്. ഇന്‍ഡിക്കേറ്റര്‍ എപ്പോള്‍ ഇടണം, എത്ര ദൂരം മുന്‍പ് ഓണ്‍ ചെയ്യണം തുടങ്ങി മോട്ടോര്‍ വാഹന നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളാണ് കേരള പൊലീസ് യാത്രക്കാരുടെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവരുന്നത്.
കുറിപ്പ്:
വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇന്‍ഡിക്കേറ്റര്‍ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരിക്കും.
തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.
ലൈന്‍ മാറി ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. കൂടാതെ റൗണ്‍ഡ് എബൗട്ടിലും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഇത് കാണാന്‍ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടരുത്. ഹാന്‍ഡ് സിഗ്നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.
വാഹനത്തിന്റെ നാല് ഇന്‍ഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാല്‍ നേരെ പോകാം എന്നല്ല. ഹസാഡ് സിഗ്‌നല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates