കൊച്ചി: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ലോഡ് ഷെഡ്ഡിംഗിന് കളമൊരുങ്ങുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള മൂന്നാമത്തെ വൈദ്യുതി നിയന്ത്രണത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഹ്രസ്വകാലാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള കരാര്‍ അംഗീകരിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുണ്ടായ കാലതാമസമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് (പീക്ക് അവറുകളില്‍) 900 മെഗാവാട്ട് വരെ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം നികത്തുന്നതിനായി വൈകീട്ട് 6 മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. ജൂലൈയിലും സെപ്റ്റംബറിലും പവര്‍ കട്ടുകള്‍ ഉണ്ടായതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.
ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ചകളായി പീക്ക് ഹവര്‍ വൈദ്യുതി ഉപഭോഗം 4,900 മെഗാവാട്ടിന് അടുത്താണ് തുടരുന്നത്. സംസ്ഥാനത്ത് വരള്‍ച്ചാ സാഹചര്യം ഉണ്ടായാല്‍ ഇത് 5,500 മെഗാവാട്ട് കടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, നവംബര്‍ 1 മുതല്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന പരമാവധി ശേഷി 4,200 മെഗാവാട്ട് ആയിരിക്കും. 2,225 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത് 1,000 മെഗാവാട്ടിന് മാത്രമാണ്. അതും യൂണിറ്റിന് 6.90 മുതല്‍ 10 രൂപ വരെ ഉയര്‍ന്ന നിരക്കില്‍.
ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. പീക്ക് അവറുകളില്‍ യൂണിറ്റിന് 14.50 രൂപ നിരക്കില്‍ 900 മുതല്‍ 1,200 മെഗാവാട്ട് വരെ വൈദ്യുതി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തയ്യാറായിരുന്നു. ഒക്ടോബര്‍ 1 മുതല്‍ സംസ്ഥാനത്തിന് ഈ വൈദ്യുതി ലഭിച്ചുതുടങ്ങിയിരുന്നു. ഇത് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന പവര്‍ കട്ട് അവസാനിപ്പിക്കാന്‍ കെഎസ്ഇബിയെ സഹായിക്കുകയും ചെയ്തു. എന്നാല്‍ നവംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം മെയ് 15 വരെയുള്ള കാലയളവിലേക്ക് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരുന്നതിനുള്ള അനുമതി തേടിയുള്ള ഫയല്‍ കഴിഞ്ഞ 22 ദിവസമായി കെട്ടിക്കിടക്കുകയാണ്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഫയലില്‍ ഒപ്പിടാന്‍ തയ്യാറായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കാന്‍ ഹിമാചല്‍ അധികാരികളോട് അപേക്ഷിച്ചുകൊണ്ടിരിക്കെ, രാജസ്ഥാന്‍ അധികൃതര്‍ രംഗത്തെത്തുകയും യൂണിറ്റിന് 15.50 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.
'ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് രാജസ്ഥാന്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍ ഹിമാചല്‍ പ്രദേശ് നമുക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തലാക്കും. സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും വൈദ്യുതിക്ക് വലിയ ആവശ്യക്കാരുണ്ട്. എല്‍നിനോ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും പരമാവധി വൈദ്യുതി സംഭരിച്ചിട്ടുണ്ട്' -കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കൃത്യമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഹിമാചല്‍ അധികൃതർ നിരക്ക് യൂണിറ്റിന് 12.50 രൂപയായി കുറയ്ക്കുമായിരുന്നു. ഹിമാചല്‍ പിന്മാറിയാല്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates