

കൊച്ചി : എറണാകുളത്തെ സിനഗോഗ് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളർ എത്തിയതായി പൊലീസ് കണ്ടെത്തൽ. നിർദേശം ലഭിക്കുന്ന സ്ഥലത്ത് തീയിട്ട ശേഷം അതിന്റെ ചിത്രം അയച്ചാൽ എബിന് ക്രിപ്റ്റേ വഴി പണം എത്തും. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. തീയിട്ടതിന്റെ ചിത്രങ്ങൾ എബിൻപോൾ ടെലഗ്രാമിൽ പങ്കുവെച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എബിൻ പോൾ പല ടെലഗ്രാം ചാനലുകളിലും ചർച്ചാഗ്രൂപ്പുകളിലും സജീവമായിരുന്നു. ലഹരി ഉപയോഗിക്കുന്ന ശീലവും ഇയാൾക്കുണ്ട്. കുറേക്കാലമായി ഇയാളെ നിരീക്ഷിച്ചിരുന്ന ഒരു ടെലഗ്രാം ചാനലിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ ബ്രെയിൻ വാഷ് നടത്തി, തങ്ങളുടെ ആശയത്തിന്റെ പാതയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബോസ് പറഞ്ഞിട്ടാണ് താൻ ആക്രമണങ്ങൾ നടത്തിയതെന്നാണ് എബിൻ പോൾ പൊലീസിനോട് പറഞ്ഞത്.
നേരത്തെ ഒരു യൂസ്ഡ് കാർ ഷോറും, അടഞ്ഞു കിടന്ന വീടും എബിൻ ആക്രമിച്ചിരുന്നു. തീയിട്ടശേഷം അതിന്റെ ചിത്രങ്ങൾ ടെലഗ്രാം ചാനലിന് അയച്ചു നൽകുകയും ചെയ്തു. ഇതെല്ലാം ട്രയൽ റൺ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എബിന്റെ മനസ്സിനെ പരുവപ്പെടുത്തി, വലിയ ആക്രമണങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. പിടിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും എബിന് നിർദേശം ലഭിച്ചിരുന്നു.
സിനഗോഗ് ആക്രമണം തീവ്രവാദ സ്വഭാവമുള്ള കേസായി പരിഗണിച്ച് പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമം നടന്നതായാണ് കേന്ദ്ര വിലയിരുത്തൽ. ഇതേത്തുടർന്നാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008ലെ വ്യവസ്ഥകൾ പ്രകാരം കേസ് എൻഐഎക്ക് കൈമാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates