തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്നുമുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ ദിവസങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വടക്കന്‍ തമിഴ്നാടിന് മുകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മീ. ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. മന്നാര്‍ കടലിടുക്കില്‍ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്നാടും കര്‍ണാടകയും വഴി കടന്നുപോകുന്ന, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates