controversy over school timing in kerala  FB
Kerala

Fact Check:സ്കൂൾ സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമോ?,ആദ്യമായാണോ പഠനസമയം മാറുന്നത്?വസ്തുതകൾ ഇവയാണ്

കേരളത്തിലെ സ്കൂളുകളിലെ സമയമാറ്റം വീണ്ടുമൊരിക്കൽ കൂടി വിവാദത്തിന് വഴി തുറന്നിരിക്കുന്നു. 2007ൽ പാഠ്യപദ്ധതി ചട്ടക്കൂട് വന്നപ്പോഴും സമയ വിവാദം ഉയർന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ വിദ്യാഭ്യാസ രം​ഗത്തെ സമയമാറ്റം സംബന്ധിച്ച് പുതിയൊരു വിവാദം തുടങ്ങിയിട്ട് ദിവസങ്ങളായി. വിദ്യാഭ്യാസ മേഖലയിലെ സമയമാറ്റ വിവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2007ല കേരള പാഠ്യപദ്ധതി ചട്ടക്കൂട് ( കേരള കരിക്കുലം ഫ്രെയിം വർക്ക് 2007) പുറത്തുവന്നപ്പോൾ മുതൽ സമയമാറ്റം വിഷയമായി ഉയർന്നു വന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി ഉൾപ്പടെ നടത്തിയ ചർച്ചയുടെ ഭാ​ഗമായി ഇത് മാറ്റിവച്ചു. ഇതിന് ശേഷം സ്കൂൾ മാറ്റം ചർച്ചചെയ്യപ്പെട്ടത് 2014 ലും 2022 ലുമായിരുന്നു. 2022 ൽ സ്കൂൾ സമയമാറ്റം എന്ന വിഷയം ഉയർന്നുവന്നപ്പോൾ അങ്ങനെയൊരു തീരുമാനമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പിന്നീട് കോടതിയുടെ ഇടപെടലിന് ശേഷമാണ് സമയമാറ്റം നടപ്പാക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

സമയമാറ്റം എന്നതിനെ കുറിച്ച് ചർച്ച വരുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള നിയമങ്ങൾ ഉൾപ്പടെയുള്ള ഘടകങ്ങളുണ്ട്.

2009ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം (Right Education Act - 2009) ത്തിൽ സ്കൂൾ പ്രവൃത്തി സമയത്തെ കുറിച്ച് നിഷ്ക്കർഷിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 200 പ്രവര്‍ത്തി ദിവസങ്ങളും 800 മണിക്കൂര്‍ ബോധന സമയവും ലഭ്യമാക്കണമെന്ന് അതിൽ പറയുന്നു. യു പി ക്ലാസുകളിൽ ആയിരം മണിക്കൂറും, ഹൈസ്കൂളിൽ 1200 മണിക്കൂറുമാണ് പ്രവൃത്തി സമയമായി നിശ്ചയിച്ചിട്ടുള്ളത്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സമയമാറ്റം സംബന്ധിച്ച് 2025 ജൂണ്‍ 10ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ 301/2025 എസ് 2 (എ)(1) ഉത്തവരാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണായിരിക്കുന്നത്.

കേരളത്തിലെ സ്കൂൾ പ്രവൃത്തി ദിനങ്ങളും സമയക്രമവും

വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സർക്കാർ പറയുന്നു. നിലവിലെ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ ഇ ആ‍ർ) വ്യവസ്ഥകൾ പ്രകാരമാണ് 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ ബോധന സമയം ആക്കിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഗുജറാത്തിൽ 243 പ്രവൃത്തി ദിനങ്ങളും, ഉത്തർ പ്രദേശിൽ 233, കർണാടക 244, ആന്ധ്രാ പ്രദേശിൽ 233, ഡൽഹിയിൽ 220 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങൾ.

കേരളത്തിലെ എൽപി സ്കൂളുകളിൽ 800 മണിക്കൂർ അധ്യയനസമയം ഇപ്പോൾത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച പ്രവൃത്തി ദിനം എന്നത് ഒഴിവാക്കിയത്. യുപിയിൽ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയത്. .

ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ വീതം ( രാവിലെ 15 മിനിട്ട്, വൈകുന്നേരം 15 മിനിട്ട് എന്നിങ്ങനെയാണ് അധ്യയന സമയം വർദ്ധിപ്പിച്ചത്) ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ അധിക അരമണിക്കൂ‍ർ ക്ലാസ് ഉണ്ടാകില്ല. എന്നുമാണ് പുതിയ തീരുമാനം.

ഈ വിവാദത്തിന് വഴിയൊരുങ്ങിയത് സ്കൂൾ പ്രവൃത്തിദിനങ്ങളും അധ്യയന സമയവും വെട്ടിക്കുറച്ചുതുമായി ബന്ധപ്പെട്ട പരാതിയാണ് . നേരത്തെ സ്കൂൾ പ്രവൃത്തി ദിനങ്ങൾ 210 ആയി വെട്ടിച്ചുരുക്കിയിരുന്നു. ഇതേ തുട‍ർന്ന് അധ്യയനദിവസം വെട്ടിക്കുറയ്ക്കുന്ന വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ. ഷാജിയും പി ടിഎ പ്രസിഡന്റ് മോഹൻ ദാസ് സൂര്യനാരായണനും ഹൈക്കോടതിയെ സമീപിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളെ ( കെ ഇ ആ‍ർ) അടിസ്ഥാനപ്പെടുത്തി സ്കൂൾ സമയം നിശ്ചയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടർന്ന് 2024ൽ 220 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ച് സർക്കാ‍ർ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതിനായി 25 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കിയാണ് സർക്കാർ കലണ്ടർ പുറത്തിറക്കിയത്.

ശനിയാഴ്ച ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രതിപക്ഷ അധ്യാപകസംഘടനകളായ കെ പി എസ് ടി എ, കെ എസ് ടിയു തുടങ്ങിയ അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയത് കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്, വിദ്യാഭ്യാസ വിദ​ഗ്​ദ്ധരുമായി കൂടിയാലോചിച് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ 2024 ഓ​ഗസ്റ്റിൽ കോടതി സർക്കാരിന് നി‍ർദ്ദേശം നൽകി.

ഇതേതുടർന്ന്, ഈ വർഷം ജനുവരി 20 ന് അഞ്ചം​ഗ വിദ​ഗ്‌ദ്ധസമിതി രൂപീകരിച്ചു. മേയ് ആറിന് സമിതി റിപ്പോർട്ട് നൽകി. ഇത് പരി​ഗണിച്ച സർക്കാർ ശിപാർശ ഹൈക്കോടതിയെ അറിയിച്ചു. മേയ് 31 ന് സർക്കാർ വിദ്യാഭ്യാസ കലണ്ടറും പുറത്തിറക്കി.

ഇത് പ്രകാരം നിശ്ചയിച്ച സ്കൂൾ, പ്രവൃത്തിദിനം, പഠന സമയം , എന്നിവ ഇങ്ങനെയാണ്.

* എൽ പി ( ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ) - 198 പ്രവൃത്തി ദിനങ്ങൾ -800 മണിക്കൂർ

* യു പി ( അഞ്ച് മുതൽ എഴുവരെ ക്ലാസുകൾ)- 200 പ്രവൃത്തി ദിനങ്ങൾ - 1,000 മണിക്കൂർ

*എച്ച് എസ് ( എട്ട് മുതൽ പത്ത് വരെ ക്ലാസുകൾ) 204 പ്രവൃത്തി ദിനങ്ങൾ- 1,100 മണിക്കൂ‍ർ

ഇതിൽ ഹൈസ്കൂളിലെ പഠന സമയം തികയ്ക്കുന്നതിന് വേണ്ടിയാണ് ആറ് ശനിയാഴ്ചകൾ അധികമായി പ്രവൃത്തി ദിനമാക്കുകയും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും 15 മിനിട്ട് വീതം പഠന സമയം വർദ്ധിപ്പിച്ചത്. യു പി ക്ലാസിൽ ഇതിനായി രണ്ട് ശനിയാഴ്ചകൾ അധികമായി പ്രവൃത്തിദിനമാക്കി.

കേരളത്തിൽ ആദ്യമായിട്ടാണോ പഠന സമയം വ‍ർദ്ധിപ്പിക്കുന്നത്

കേരളത്തിൽ പഠനസമയം വർദ്ധിപ്പിക്കുന്നത് ആദ്യമായിട്ടല്ല. ഹയർസെക്കൻഡറി മേഖലയിലാണ് കേരളത്തിലെ പഠന സമയ മാറ്റം നിലവിൽ നടപ്പാക്കിയിട്ടുള്ള കോഴ്സ്. ഹയർ സെക്കൻഡറി കോഴ്സുകൾ നേരത്തെ ആഴ്ചയിൽ ആറ് ദിവസമായിരുന്നു. എന്നാൽ 2014 ൽ യു ഡി എഫ് സർക്കാർ ഭരിക്കുമ്പോൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാൻ പ്രൊഫ.പി ഒ ജെ ലബ്ബ ചെയര്‍മാനും എസ് ഇ ആര്‍ ടി ഡയറക്ടര്‍ പ്രൊഫ.കെ എ ഹാഷിം കണ്‍വീനറും പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, കെ ജി സുകുമാര പിള്ള എന്നിവര്‍ അംഗങ്ങളുമായ സമിതിയെ നിയോ​ഗിച്ചു.

ഈ കമ്മിറ്റിയിലെ പ്രധാന ശിപാർശകളിലൊന്ന് ആഴ്ചയിൽ അഞ്ച് ദിവസമായി ഹയ‍ർസെക്കൻഡറി വിദ്യാഭ്യാസം ടൈംടേബിൽ പുനഃക്രമീകരിക്കണം എന്നായിരുന്നു. ലബ്ബ കമ്മിറ്റി റിപ്പോ‍ർട്ടിലെ പല ശിപാർശകളും മുന്നോട്ടുവെച്ചുവെങ്കിലും പ്രധാനമായും നടപ്പാക്കിയത് രണ്ടെണ്ണമായിരന്നു. 18-12 -2024 ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിയമസഭയിൽ നൽകിയ മറുപടിൽ . പ്ലസ് വൺ പാഠ്യപദ്ധതി പരിഷ്ക്കരണം, ഹയർസെക്കൻഡറി പഠന സമയമാറ്റം എന്നിവ ലബ്ബ കമ്മിറ്റി റിപ്പോ‍ർട്ടിനെ അടിസ്ഥാനമാക്കി നടപ്പാക്കിയതായി അറിയിച്ചു. 24-06-2014 ലെ സ‍ർക്കാ‍ർ ഉത്തരവ് 117- 14 പ്രകാരം ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. ശനിയാഴ്കൾ ഒഴിവാക്കിക്കൊണ്ടും തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ച് ദിവസങ്ങളിൽ സമയം ക്രമീരിക്കുന്നത്.

2000 ജനുവരി മുതൽ 9.30 മുതൽ 4.15 വരെയായിരുന്നു ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവൃത്തിസമയം പക്ഷേ ശനിയാഴ്ച ഉൾപ്പടെ ആറ് ദിവസം പ്രവർത്തിക്കും. എന്നാൽ ലബ്ബ കമ്മിറ്റി റിപ്പോ‍ർട്ടിനെ അടിസ്ഥാനമാക്കി രാവിലെ അരമണിക്കൂറും വൈകുന്നേരം 15 മിനിട്ടും വർദ്ധിപ്പിച്ചു ശനിയാഴ്ച ക്ലാസ് ഒഴിവാക്കി അങ്ങനെ രാവിലെ 9 മുതൽ 4.30 വരെ സമയക്രമം വന്നു. ആ സമയക്രമമാണ് ഇപ്പോഴും നടക്കുന്നത്.

സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമോ?

മദ്രസ പഠനത്തെ ബാധിക്കുന്നതാണ് നിലവിലെ സ്കൂൾ സമയമാറ്റമെന്നാണ് എസ് വൈ എസ്, സമസ്ത , എന്നീ സംഘടനകൾ പറയുന്നത്. പ്രീസ്കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ മദ്രസയിൽ പഠിക്കാനെത്തുന്നുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി സമകാലിക മലയാളത്തോട് പറഞ്ഞു. സമസ്തയുടെ കീഴിലുള്ള 11,100 മദ്രസകളിലായി 12 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരുടെ പഠന സമയം രാവിലെ 6.30 മുതൽ 9.30 വരെ യുള്ള സമയത്തിനുള്ളിൽ രണ്ട് മണിക്കൂർ ക്രമീകരിച്ചാണ് നടക്കുന്നത്. ചിലയിടങ്ങളിൽ രാവിലെ 6.30 ന് തുടങ്ങി 8.30 ന് അവസാനിക്കും. ഏഴ് മണിക്ക് തുടങ്ങി ഒൻപത് മണിക്ക് അവസാനിക്കുന്ന ക്ലാസുകളും 7.30ന് തുടങ്ങി 9.30 ന് അവസാനിക്കുന്ന ക്ലാസുകളും ഉണ്ട്. സ്കൂൾ സമയത്തിനനുസരിച്ച് ക്രമീകരിച്ചതാണ് നിലവിലെ മദ്രസാ വിദ്യാഭ്യാസ സമയമെന്നും നാസർ ഫൈസി പറഞ്ഞു. ലബ്ബ കമ്മിറ്റി റിപ്പോ‍ർട്ട് പ്രകാരം സമയക്രമം മാറ്റിയപ്പോഴും സമസ്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ലബ്ബ കമ്മിറ്റി റിപ്പോ‍ർട്ട് നടപ്പാക്കിയ പഠനസമയമാറ്റം 2014 ൽ ആരംഭിച്ച് 2025 ലും അതേ സമയം തന്നെ നടപ്പാക്കുകയാണ്. അതുകൊണ്ട് ആ സമയമാറ്റം ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്കാണ് വന്നത്. അത് മദ്രസാ പഠനത്തെ ബാധിച്ചില്ല എന്നാണ് വ്യക്തമാകുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ വരുന്ന സമയമാറ്റവും ഹൈസ്കൂളിലെ കുട്ടികൾക്ക് മാത്രമാണ് വരുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ കുട്ടികളുടെ കാര്യത്തിൽ നടത്തുന്ന പഠനം ഹയർസെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ പഠനത്തെ പോലെ ക്രമീകരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ. മറ്റൊരു കാര്യം സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ പലരും അതിരാവിലെ തന്നെ വീടുകളിൽ നിന്നും സ്കൂളുകളിലേക്ക് പുറപ്പെടുന്നവരാണ്. അവരവരുടെ സ്കൂൾ ബസുകളുടെ സമയമനുസരിച്ചാണ് ഇറങ്ങുന്നത്. ഇവരുടെ മദ്രസ പഠനം മുടങ്ങുന്നുണ്ടോ. കോവിഡ് കാലത്ത് മദ്രസാ പഠനം നടന്നില്ലേ. ഓൺലൈനിൽ ഇപ്പോഴും സമസ്ത ഉൾപ്പടെ മത പഠനം പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സമയം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യത്തിൽ കുറച്ചു കൂടി അവധാനതയോടെ തീരുമാനമെടുക്കാൻ സംഘടനാ നേതൃത്വങ്ങൾ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സമസ്ത മാത്രമാണ് ശക്തമായ പ്രതിഷേധവുമായി രം​ഗത്തുള്ളത്. മുസ്ലിം ലീ​ഗും കേരള ജംഇയ്യത്തുൽ ഉലമയും ( എ പി വിഭാ​ഗം) പോലുള്ള സംഘടനകളും ഈ വിഷയത്തിൽ സർക്കാർ നിലപാടിനോട് യോജിക്കുന്നില്ല. എന്നാൽ, സമസ്തയെ പോലെ അവർശക്തമായി രം​ഗത്തില്ല. കൂടുതൽ മദ്രസകൾ സമസ്തയുടെ കീഴിലായാതുകൊണ്ടായിരിക്കാം അവർക്ക് ഇത് പ്രധാന വിഷയമാകുന്നത്. ചില മുസ്ലിം സംഘടനകൾ മദ്രസ വിദ്യാഭ്യാസത്തിലെ പ്രശ്നം മാത്രമായി സമയക്രമ മാറ്റിത്തെ ചുരുക്കി കാണരുത് എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ കൂടുതൽ സമയം സ്കൂൾ മുറികളിൽ തളച്ചിടുന്നത് ​ഗുണകരമാകുകയോ വിദ്യാഭ്യാസത്തി​ന്റെ ​ഗുണമേന്മ വർദ്ധിപ്പിക്കുകയോ ചെയ്യില്ല എന്ന് വാദമാണ് അവർ മുന്നോട്ട് വെക്കുന്നത്.

ഇതേ വാദം സി ബി എസ് ഇ പോലുള്ള മറ്റ് സിലബസിൽ പഠിക്കുന്നകുട്ടികളുടെ കാര്യത്തിൽ ഈ സംഘടനകളൊന്നും അഭിപ്രായം പറയാറില്ലല്ലോ എന്ന മറുചോദ്യമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ​ഗസ്ഥർ ഉന്നയിക്കുന്നത്.

The decision comes in the wake of a High Court directive to the government to re-examine the school academic calendar to ensure adequate instructional hours. A five-member committee that looked into the matter had suggested in its report to the government that the school timings be increased by half an hour a day| Fact Check

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT