തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി ആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കലോത്സവത്തിലെ ആകെ മത്സരയിനങ്ങളായ 249 എണ്ണത്തിൽ 198 എണ്ണവും പൂർത്തീകരിച്ചു. നാളെ ഉച്ചയ്ക്ക് 3.30 യോടെ അപ്പീലിലടക്കം തീർപ്പുണ്ടാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും വൈകീട്ട് നാല് മണിയോടെ സ്വർണകപ്പ് വേദിയിലെത്തിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലോത്സവേദികളില്‍ നടക്കുന്നത്. 920 പോയിന്റുകളോടെ തൃശൂര്‍ ആണ് ഒന്നാമത്. 918 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 916 പോയിന്റുകളോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നിലവില്‍.
സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപന സമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ആദരിക്കും.
പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിനായി പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി. ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം.
കലോൽസവത്തിൻ്റെ സമാപന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates