കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആശ്രാമ മൈതാനത്ത് ഇന്ന് തിരശ്ശീല ഉയരും. രാവിലെ പത്ത് മണിക്ക് മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് മത്സരങ്ങൾ തുടങ്ങും.മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ. 24 വേദികളാണ് ഇക്കുറി കലോത്സവത്തിന് ഉള്ളത്.
ആദ്യദിനം 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സാംസ്‌കാരിക നായകന്മാരുടെ പേരുകളാണ് വേദികൾക്ക് നൽകുയിരിക്കുന്നത്. കൊല്ലം ഗവ. എൽപി സ്‌കൂളിൽ വിദ്യാർഥികൾക്കായുള്ള രജിസ്‌ട്രേഷന് തുടക്കമായി. കലോത്സവ വിജയികൾക്ക് നൽകാനുള്ള സ്വർണക്കപ്പിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ല അതിർത്തിയായ കുളക്കടയിൽ വെച്ച് മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി.
കൊല്ലത്തെ 23 സ്‌കൂളുകളിലാണ് മത്സരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കുന്നതിന് 30 സ്‌കൂൾ ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോർഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആർ ടി സിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും.
കൊല്ലം ക്രേവൻ സ്‌കൂളിലാണ് 2000 പേർക്ക് ഒരേ സമയം കഴിക്കാൻ കഴിയുന്ന രീതിയിൽ വിശാലമായ ഊട്ടുപ്പുര സജ്ജമാക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. സമാപന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates