തിരുവനന്തപുരം: സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിനു സംസ്കൃതത്തിൽ പിഎച്ഡി നൽകാൻ ശുപാർശ നൽകിയതായി പരാതി. ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃത്തിൽ പിഎച്ഡി നൽകാനുള്ള ശുപാർശ തടയണമെന്നു ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ. സിഎൻ വിജയകുമാരി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനു കത്തു നൽകി. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ശുപാർശ ചർച്ച ചെയ്യും.
ശുപാർശ തടയണമെന്നാണ് വകുപ്പ് മേധാവി നൽകിയ കത്തിലുള്ളത്. സർവകലാശാല ക്യാംപസിലെ എസ്എഫ്ഐ നേതാവായ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർഥിക്കെതിരെയാണ് സിഎൻ വിജയകുമാരി പരാതി നൽകിയത്.
ഡോക്ടറേറ്റ് ബിരുദം നൽകുന്നതിനു മുന്നോടിയായി പ്രബന്ധാവതരണവും ഓപ്പൺ ഡിഫൻസും നടന്നിരുന്നു. ഈ മാസം 15നു നടന്ന ഓപ്പൺ ഡിഫൻസിൽ പ്രബന്ധത്തെക്കുറിച്ചു ഉന്നയിക്കപ്പെട്ട വസ്തുതാപരമായ ചോദ്യങ്ങൾക്ക് ഒന്നിനും പോലും ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ വിദ്യാർഥിക്കായില്ല. തെറ്റില്ലാതെ ഒരു ആഖ്യാനം ഇംഗ്ലീഷ് ഭാഷയിൽ സമർപ്പിക്കാൻ സാധിച്ചതിൽ ദുരൂഹതയുണ്ടെന്നും ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പു മേധാവി കൂടിയായി ഡീൻ വിസിയ്ക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ചട്ടമ്പി സ്വാമികളെക്കുറിച്ച് 'സദ്ഗുരു സർവസ്വം- ഒരു പഠനം' എന്നതായിരുന്നു പ്രബന്ധ വിഷയം. ഇംഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. നേരിട്ടും ഓൺ ലൈൻ വഴിയും ഓപ്പൺ ഡിഫൻസിൽ അധ്യാപകർ പങ്കെടുത്തിരുന്നു. ഇവരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ വിദ്യാർഥിക്കു സാധിച്ചില്ല. 2025ലെ എൻഐആർഎഫ് റാങ്കിങിൽ രാജ്യത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ കേരള സർവകലാശാല നിലവാരമില്ലാത്ത പ്രബന്ധങ്ങൾക്കു പിഎച്ഡി നൽകുന്നത് അപമാനകരണമാണെന്നും ഡീൻ പരാതിയിലുന്നയിക്കുന്നു. ഓൺ ലൈനായി ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത അധ്യാപകരും സമാന അഭിപ്രായം രേഖാമൂലം നൽകിയിട്ടുണ്ട്.
കേരള സർവകലാശാലയിലെ അധ്യാപകനും സർവകലാശാലയ്ക്കു പുറത്തുള്ള രണ്ട് പ്രൊഫസർമാരുമാണ് വിദ്യാർഥിയുടെ പ്രബന്ധം മൂല്യനിർണയം നടത്തിയത്.
വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരുദങ്ങൾ നേടുന്നതായി ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിനു മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി വിസിയ്ക്കു നിവേദനം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates