kerala Vigilance 
Kerala

എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സേഫ് സിപ്പ്', കണ്ടെത്തിയത് വ്യാപക ക്രമക്കേട്, പണവും മദ്യവും പിടിച്ചു

ബാറുടമകള്‍, ഷാപ്പുടമകള്‍ എന്നിവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ മുഖേനെ 2,12,500 രൂപ കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണാഘോഷ ദിനങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തെ 69 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ സേഫ് സിപ്പ്' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും പാരിതോഷികമായി ലഭിച്ച മദ്യവും പിടിച്ചെടുത്തു. ഉപേക്ഷിച്ച നിലയിലും 28,164 രൂപയും കണ്ടെത്തി. ബാറുകളില്‍ നിന്നും കൈപ്പറ്റി ഓഫീസുകളില്‍ സൂക്ഷിച്ചിരുന്ന 25 കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബാറുടമകള്‍, ഷാപ്പുടമകള്‍ എന്നിവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ മുഖേനെ 2,12,500 രൂപ കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി. പിടിച്ചെടുത്ത മദ്യകുപ്പികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലീസിന് കൈമാറി.

കള്ള് ഷാപ്പ് ഉടമകളില്‍ നിന്നും കൈക്കൂലി കൈപ്പറ്റി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ള് ഷാപ്പുകളില്‍ യാതൊരുവിധ പരിശോധനകളും നടത്താറില്ലായെന്നും, ക്രമക്കേടുകളിലും പെര്‍മിറ്റ് ലംഘനങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊല്ലം പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍ നിന്നും 42,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. പത്തനംതിട്ട ജില്ലയില്‍ 20 കിലോമീറ്റര്‍ പരിധിയിലെ കള്ള് ഷാപ്പുകളില്‍ 10 മിനിറ്റ് ഇടവേളകളില്‍ സാമ്പിള്‍ ശേഖരിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ലോഡ് വേരിഫൈ ചെയ്ത് എക്‌സൈസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ സ്റ്റോക്ക് ബാറില്‍ ഇറക്കുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ബാറില്‍ വച്ച് രേഖപ്പെടുത്തലുകള്‍ നടത്തേണ്ട നടപടി ഓഫീസില്‍ വച്ച് നടത്തിയതായും കണ്ടെത്തി.

കോട്ടയത്ത് വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ശുചി മുറിയില്‍ നിന്നും ഒരു സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേര് പ്രിന്റ് ചെയ്ത കവറിനുള്ളില്‍ 13000 രൂപ കണ്ടെത്തി. പാല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍ നിന്നും 11,500 രൂപ കൈപ്പറ്റിയതും കണ്ടെത്തി. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍ നിന്നും ലഭിച്ചിരിക്കുന്നതായി കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയില്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന കണക്കില്‍പ്പെടാത്ത 2600 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍ ബാറുകളില്‍ സ്റ്റോക്ക് ഇറക്കുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ട വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് സ്റ്റോക്ക് ഇറക്കുന്നതിനും ആഴ്ചകള്‍ക്ക് മുന്‍പുള്ള തീയതികളില്‍ തന്നെ ഉദ്യോഗസ്ഥര്‍ അനുവദിച്ച് നല്‍കിയതായും, സ്റ്റോക്ക് ഇറക്കുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരിക്കണം എന്ന ചട്ടം പാലിക്കാതിരിക്കുകയും, എന്നാല്‍ രജിസ്റ്ററുകളില്‍ സ്ഥലത്തുണ്ടായിരുന്നതായി രേഖപ്പെടുത്തലുകള്‍ വരുത്തിയിരിക്കുന്നതായും കണ്ടെത്തി. ഈ ദിവസത്തെ ബാറുകളിലെ ഇഇഠഢ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ലോഡ് ഇറക്കുന്ന സമയം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി.

മലപ്പുറം ജില്ലയിലെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍, ഉദ്യോഗസ്ഥര്‍ പാരിതോഷികമായി ബാറുകളില്‍ നിന്നും വാങ്ങി ഓഫീസ് റൂമിനുള്ളില്‍ സൂക്ഷിച്ചിരുന്ന 5 കുപ്പി മദ്യം വിജിലന്‍സ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഉദ്യോഗസ്ഥന്‍ ഷാപ്പുടമയില്‍ നിന്നും 24000 രൂപയും, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ബാറുടമയില്‍ നിന്നും 34,000 രൂപയും ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയത് കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 16 കുപ്പി മദ്യം വിജിലന്‍സ് പിടിച്ചെടുത്തു. പേരാമ്പ്രയിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍ നിന്നും 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് സംഘം പരിശോധനയ്ക്കായി എത്തിയ സമയം വയനാട് ജില്ലയിലെ കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടികിടക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെവിളിച്ച് വരുത്തി ഓഫീസ് തുറന്നാണ് പരിശോധന നടത്താനായത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥന്‍ 6,500 രൂപ വലിച്ചെറിയുകയും, ഈ തുക വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു. കാസര്‍ഗോഡ് ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുക്കുകയും, ഓഫീസ് റൂമില്‍ സൂക്ഷിച്ചിരുന്ന ഷൂവിനുള്ളില്‍ നിന്നും 1000 രൂപ വിജിലന്‍സ് കണ്ടെടുക്കുകയും ചെയ്തു.

Vigilance & Anti Corruption Bureau, Kerala conducted raid on 69 excise circle offices in the state. In the raids conducted under the name 'Operation Safe Zip', unaccounted cash and liquor received as gratuities were seized from officials at various places.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT