Alex Ozhukayil 
Kerala

30 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍; പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ അലക്‌സ് ഒഴുകയില്‍

'കര്‍ഷകരെ മറക്കുന്ന നേതാക്കള്‍ നിയമസഭയില്‍ എത്തില്ല എന്നതാണ് മുദ്രാവാക്യം'

മനോജ് വിശ്വനാഥന്‍

കൊച്ചി: കേരള നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ (കിഫ). സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനം. കേരള നിയമസഭയില്‍ മലയോര കര്‍ഷകരുടെ ശബ്ദം പ്രതിധ്വനിക്കുമെന്ന് മത്സര തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മത്സരിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട് കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുവിക്കാന്‍, ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അസോസിയേഷന്‍ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തുടങ്ങി.

'കര്‍ഷക സമൂഹം നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനായി 35 ഇന ആവശ്യങ്ങളുടെ ഒരു ചാര്‍ട്ടര്‍ അസോസിയേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനും തയ്യാറായ മുന്നണികളുമായി സഹകരിക്കാന്‍ തയ്യാറാണ്.' കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

'കര്‍ഷകരെ മറക്കുന്ന നേതാക്കള്‍ നിയമസഭയില്‍ എത്തില്ല എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. വനപ്രദേശത്തോടു ചേര്‍ന്ന്, മനുഷ്യ-വന്യമൃഗ സംഘര്‍ഷം നേരിടുന്ന 30 നിയോജകമണ്ഡലങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരു മുന്നണികളുമായും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തും, സഹകരിക്കാന്‍ തയ്യാറുള്ള പാര്‍ട്ടികളുമായി സഹകരിക്കും.' അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

സ്വയം പ്രതിരോധത്തിനായി വന്യമൃഗങ്ങളെ കൊല്ലാമെന്ന് പ്രഖ്യാപിക്കുക, വനാതിര്‍ത്തിയില്‍ 100 മീറ്റര്‍ കാഴ്ച സാധ്യമാക്കുക, വേലികളും കിടങ്ങുകളും ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുക, വനങ്ങളുടെ വാഹക ശേഷിയെ അടിസ്ഥാനമാക്കി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കുക, മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ സ്ഥലംമാറ്റുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്, എം എസ് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ താങ്ങുവില നടപ്പിലാക്കണമെന്ന് കിഫ ആവശ്യപ്പെട്ടു. റബ്ബറിന് 250 രൂപയും തേങ്ങയ്ക്ക് 70 രൂപയും നെല്ലിന് 35 രൂപയും താങ്ങുവിലയായി നിശ്ചയിക്കണം. പാട്ടഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തുക, തോട്ടങ്ങളില്‍ പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ കൃഷി ചെയ്യുക, ഭൂമിയുടെ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കാഞ്ഞങ്ങാട്, ഇരിക്കൂര്‍, പേരാവൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, പേരാമ്പ്ര, നാദാപുരം, നിലമ്പൂര്‍, വണ്ടൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, ആലത്തൂര്‍, കോങ്ങാട്, ചാലക്കുടി, ചേലക്കര, ഒല്ലൂര്‍, കോതമംഗലം, മൂവാറ്റുപുഴ, ദേവികുളം, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, റാന്നി, കോന്നി, പൂഞ്ഞാര്‍, പുനലൂര്‍, കൊട്ടാരക്കര, പാറശ്ശാല എന്നീ മണ്ഡലങ്ങളിലാണ് കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.

Declaring that the voice of the high range farmers will reverberate in the Kerala assembly, the Kerala Independent Farmers Association (KIFA) has decided to field its candidates in 30 constituencies in the state. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

'മൂന്ന് കുട്ടികളെങ്കിലും വേണം, വിവാഹം സമൂഹത്തിനോടുള്ള കടമ; പൗരന്മാര്‍ രാജ്യത്തിന്റെ കണ്ണും കാതുമായിരിക്കണം'

വിജയ്‌ക്ക് ആശ്വാസം ?, 'ജന നായകൻ' കാണാൻ ആർമി ഓഫിസർ; ചിത്രം ഫെബ്രുവരിയിൽ തന്നെ എത്തും

'മോളെ നീയൊരിക്കലും ഒറ്റയ്ക്കല്ല'; ഭാവനയെ കെട്ടിപ്പിടിച്ച് ആരാധിക; അവളോടൊപ്പം' എന്നതിന്റെ ഉത്തമ ഉദാഹരണം!

സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്​ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ

SCROLL FOR NEXT