Kerala

നീണ്ട 16 മണിക്കൂര്‍ ചോദ്യം ചെയ്യല്‍, വിട്ടയച്ചത് രാത്രി രണ്ടു മണിക്ക് ; കെ എം ഷാജിയുടെ മറുപടികളില്‍ തൃപ്തരാകാതെ അന്വേഷണസംഘം

10 ദിവസത്തിന് ശേഷം വീണ്ടും ഹാജരാകണമെന്നാണ് എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ചോദ്യം ചെയ്തത് നീണ്ട 16 മണിക്കൂര്‍. മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി രണ്ടു മണിയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഷാജിയെ വിട്ടയച്ചത്. ഷാജിയുടെ മറുപടികളില്‍ ഇ ഡി തൃപ്തരല്ലെന്നാണ് സൂചന.

ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. 10 ദിവസത്തിന് ശേഷം വീണ്ടും ഹാജരാകണമെന്നാണ് എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കുറച്ച് രേഖകള്‍ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ എം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് ആത്മ വിശ്വാസത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥര്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇ ഡി കെ എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജിയുടെ ഭാര്യയെയും ലീഗ് നേതാവ് ഇസ്മായേലിനെയും മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിരുന്നു. 

ഷാജിയുടെ ആഡംബര വീട് നിര്‍മ്മാണത്തിന്റെ കാര്യങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും വിദേശയാത്ര വിവരവും ഇഡി ചോദിച്ചറിഞ്ഞു. കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്ന് ഇഡി ആരാഞ്ഞു. 

വീട്ടില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നല്‍കി. രണ്ട് കാര്‍ വിറ്റപ്പോള്‍ ലഭിച്ച 10 ലക്ഷവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്ന് കെഎം ഷാജി ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

അഞ്ച് ജ്വല്ലറികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചപ്പോള്‍ കിട്ടിയ തുകയും ലോണ്‍ എടുത്ത തുകയും വീട് പൂര്‍ത്തിയാക്കാന്‍ എടുത്തുവെന്നും ഷാജി മൊഴി നല്‍കിയിട്ടുണ്ട്. അഴീക്കോട് സ്‌കൂളില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ്  ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം