കൊച്ചി: യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണ മോതിരവുമടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരന്റെ പക്കൽ നിന്നാണ് ഇരുവരും ചേർന്നു പണവും സാധനങ്ങളും തട്ടിയെടുത്തത്.
യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രൊഫഷണലുമായ ഒഡിഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്തു ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിനു എത്തുകയായിരുന്നു.
പിന്നീട് അനധികൃത മദ്യം വാങ്ങി നൽകിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചനകൾ.
വാതിലിൽ മുട്ടുന്നതു കേട്ട് താൻ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആൾ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകിൽ നിന്നു പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.
തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. മൊത്തം 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
ഹോട്ടൽ ജീവനക്കാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പൊലീസ് എത്തുന്നത്. സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദർശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇയാൾ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശും കുമ്പളങ്ങിയിൽ വച്ച് പിടിയിലായി.
പള്ളുരുത്തിയിൽ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. യുഎസ് പൗരനിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളിൽ നിന്നു കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates