കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 ( MSC Elsa-3 ) എന്ന ചരക്കുകപ്പല്‍ അപകടത്തില്‍ ( Kochi Ship Accident ) പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎസ് സി എല്‍സ എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കള്‍ കയറ്റിയ കപ്പല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
സ്‌ഫോടക വസ്തുക്കള്‍, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ കടലില്‍ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു. ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗമാണ് കപ്പല്‍ അപകടം മൂലം ഉണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നേരത്തെ കപ്പല്‍ അപകടത്തില്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖവുമായി എംഎസ് സി എല്‍സ കമ്പനിക്ക് അടുത്ത ബന്ധം ഉള്ളതിനാല്‍, കമ്പനിയുമായുള്ള ബന്ധം മോശമാക്കേണ്ട എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടെന്നും, പകരം നഷ്ടപരിഹാരം മതിയെന്ന് തീരുമാനിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ തീരുമാനം വിവാദമായിരുന്നു.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്‌സി) ഉടമസ്ഥതയിലുള്ളതാണ് എംഎസ്‌സി എൽസ- 3 എന്ന കണ്ടെയ്‌നർ കപ്പൽ. സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിൽ ഒന്നാണ് എംഎസ്‌സി. ലൈബീരിയയ്ക്ക് കീഴിലാണ് കപ്പൽ ഫ്ലാഗ് ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും മെയ് 29-ന് തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനായിരുന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്.
മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ - 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates