കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസി (ഏറ്റെടുക്കും. നിലവിൽ നാല് കേസുകളാണ് എബിൻ പോളിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നിടങ്ങളിൽ ഇയാൾ അക്രമണം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
യുഎപിഎയിലെ 16, 18 വകുപ്പുകളാണ് എബിൻ പോളിനെതിരെ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമം, ഭീകര പ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണവും ഗൂഢാലോചനയും തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തുക. എബിൻ പോളിന്റെ പശ്ചാത്തലവും സൗഹൃദ വലയങ്ങളും ആഴത്തിൽ മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇയാൾ പഠിച്ച പൂനെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
സിനഗോഗിന് മുന്നിൽ തീയിട്ടതിന് പുറമെ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീവെച്ചതിന് പിന്നിലും എബിനാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം വർധിച്ചത്. തുടർന്നാണ് കേസിൽ കർശന വകുപ്പുകൾ ചുമത്താനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
'ബോസ്' എന്ന് വിളിക്കുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് താൻ കൃത്യങ്ങളെല്ലാം നിർവ്വഹിച്ചതെന്നാണ് എബിൻ പൊലീസിന് നൽകിയിരിക്കുന്ന വിവരം. എന്നാൽ ഈ ബോസ് ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തനിക്ക് കൃത്യങ്ങൾ നടത്താൻ നിർദ്ദേശം നൽകിയത് 'വിക്രം' എന്നയാളാണെന്ന് എബിൻ മൊഴി നൽകിയിട്ടുണ്ട്. ഇത് വിദേശത്തുനിന്നുള്ള ആരെങ്കിലുമാണോയെന്നും, വിക്രം തന്നെയാണ് 'ബോസ്' എന്ന പേരിൽ അറിയപ്പെടുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എബിൻ പോളിനെ ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വരും ദിവസങ്ങളിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates