കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ 1956-ലേത് പോലെ ചരിത്ര പരമായ രേഖയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്നതാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നിര്‍ദേശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമെ നടപ്പാക്കാവൂ എന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ അവതരിപ്പിച്ച നയരേഖ സിപിഎമ്മിന്റെതാണ്. അതിന്റെ കോപ്പി ഘടകക്ഷികള്‍ക്ക് നല്‍കും. അതിന് ശേഷം നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നടപ്പാക്കും. നയരേഖയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ചില കാര്യങ്ങളും ചില പ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും വന്നത് കാര്‍ഷിക മേഖല ശക്തിപ്പെടുത്തണമെന്നതാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതോടൊപ്പം വിപണന സംവിധാനം ഉണ്ടാക്കണം. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സഹകരണമേഖലയും യോജിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം.
പട്ടയം ലഭിക്കാത്തവരുടെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം. നിരവധി മലയോരകര്‍ഷകര്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. ഇടുക്കിയില്‍ പട്ടയം കിട്ടാത്തവര്‍ക്ക് അത് ലഭിക്കുന്നതിനാണ് പ്രത്യേക പ്രാധാന്യം നല്‍കണം. പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ പ്രത്യേകപരിഗണന ഉണ്ടാകണം. കാര്‍ഷിക മേഖലയില്‍ വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്നും ചില പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു
ജലസംരക്ഷണവും ജലസ്രാതസുകളുടെ നവീകരണവും പ്രധാനമായി കാണണം. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുളള പദ്ധതി ഉണ്ടാകണം. ടൂറിസം മേഖലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതി വേണം. അത്തരം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യം ഉണ്ടാക്കണം.
തേട്ടം മേഖലയിലെ പ്രശ്‌നം അതിസങ്കീര്‍ണമാണ്. അവരുടെ കൂലി, താമസകേന്ദ്രം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചയും സമ്മേളനത്തിലുണ്ടായി. തോട്ടം മേഖലയില്‍ ഒരു ഡയറക്ടേററ്റ് ഉണ്ടാക്കണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമാണ്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നോക്കുകൂലിക്ക് പാര്‍ട്ടിയുടെ അംഗീകാരമില്ല. ഒരുതരത്തിലും അത് പ്രോത്സാഹിപ്പിക്കരുതെന്നും കോടിയേരി പറഞ്ഞുു
പൊലീസിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന രീതിയില്‍ വിമര്‍ശനം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന് ഒരു പൊലീസ് നയം ഉണ്ട്. അത് ജനപക്ഷസൗഹൃദമാണ്. അതില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തും. പൊലീസിനെ ഇടതുനയമല്ല പഠിപ്പിക്കേണ്ടത്. ഗവണ്‍മെന്റിന്റെ നയം നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഒറ്റപ്പെട്ട പാളിച്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്. നിയമലംഘനം നടത്തുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates