കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍  എക്‌സ്പ്രസ്‌
Kerala

'എമര്‍ജന്‍സി ഡോര്‍ ചങ്ങലയിട്ട് പൂട്ടിയിരിക്കുകയായിരുന്നു; ഐസിയുവിലുള്ളവരെ പുറത്തെത്തിച്ചത് വാതില്‍ ചവിട്ടിപ്പൊളിച്ച്'

ഇന്നലെ വൈകീട്ട് ഭയാനകമായ അവസ്ഥയിലുടെയാണ് കടന്നുപോയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ പറഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവേഗം രോഗികളെ മാറ്റിയതുകൊണ്ട് കൂടുതല്‍ അപകടം ഉണ്ടായില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തില്‍ മരിച്ച വയനാട് സ്വദേശിയായ നാസിറയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമായില്ലെന്ന് കുടുബം. എമര്‍ജന്‍സി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു നാസിറ. തീപിടത്തിത്തിന് പിന്നാലെ മറ്റൊരു എമര്‍ജന്‍സി ഐസിയുവിലേക്ക് മാറ്റുന്നതുവരെ നസീറയ്ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെയാണ് മരണം സംഭവിച്ചതെന്ന് സഹോദരന്‍ യൂസഫലി പറഞ്ഞു. വ്യാഴാഴ്ചയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് നസീറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഷിഫ്റ്റിങ് നടന്നുകഴിഞ്ഞ ശേഷമാണ് നാസിറ മരിച്ചതെന്ന് സഹോദരന്‍ യൂസഫലി പറഞ്ഞു. നാസിറ എമര്‍ജന്‍സി ഐസിഐസിയുവിലായിരുന്നു. എമര്‍ജന്‍സി ഡോര്‍ ഉണ്ടായിരുന്നത് ചങ്ങല വെച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഡോര്‍ ചവിട്ടിപ്പൊളിച്ചാണ് ഐസിയുവിലുള്ളവരെ പുറത്തെത്തിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. രോഗികളെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എമര്‍ജന്‍സി ഡോര്‍ പൂട്ടിയിട്ടത് രോഗികളെ അതിവേഗത്തില്‍ എത്തിക്കാന്‍ വിനയായി. സഹോദരിയെ എമര്‍ജന്‍സി ഐസിയുവില്‍ നിന്ന് നോര്‍മല്‍ ഐസിയുവിലേക്ക് കൊണ്ടുപോകാന്‍ പതിനഞ്ച് മിനിറ്റിലേറെ വേണ്ടിവന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ മുറ്റത്താണ് നിര്‍ത്തിയത്. ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെയാണ് നസീറ മരിച്ചതെന്നും യൂസഫലി പറഞ്ഞു.

ഇന്നലെ വൈകീട്ട് ഭയാനകമായ അവസ്ഥയിലുടെയാണ് കടന്നുപോയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ പറഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവേഗം രോഗികളെ മാറ്റിയതുകൊണ്ട് കൂടുതല്‍ അപകടം ഉണ്ടായില്ല. ആദ്യം തന്നെ രോഗികളെ പുറത്തെത്തിക്കാനാണ് ശ്രമം നടത്തിയതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

തീപിടിത്തതിന് ശേഷം അത്യാഹിത വിഭാഗത്തില്‍ മരണം സ്ഥിരീകരിച്ച രോഗികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തിയേക്കും. പുകയേറ്റാണ് പലരും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. മൂന്നുപേര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ ഉന്നതല തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനിടെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളുടെ മരണകാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും.

കോഴിക്കോട് സ്വദേശി ഗോപാലന്‍ മരിച്ചത് വെന്റിലേറ്റര്‍ വിഛേദിച്ചതിനാലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. കരള്‍, കാന്‍സര്‍, ന്യുമോണിയ രോഗങ്ങള്‍ ബാധിച്ച മൂന്നുപേരും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു സ്ത്രീയുമാണ് മരിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ബീച്ച് ആശുപത്രിയിലുണ്ടാകും. രണ്ടു ദിവസത്തിനകം കെട്ടിടത്തിലെ വയറിങ്ങിലും ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നതിലും പരിശോധന നടത്തി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ നിന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ് തീയും പുകയും ഉയര്‍ന്നത്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തും. തീപിടിത്തത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. യുപിഎസ് മുറിയില്‍ നിന്ന് പുക ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാങ്കേതിക അന്വേഷണവും നടത്തും.

പിഎംഎസ്എസ് വൈ കെട്ടിടത്തില്‍ മൊത്തം 200 രോഗികളുണ്ടായിരുന്നു. ഇവരെ മെഡിക്കല്‍ കോളജ് വാര്‍ഡ്, ഐസിയു, സൂപ്പര്‍ സ്പെഷ്യാലിറ്റി, ടെറിഷ്യറി കാന്‍സര്‍ കെയര്‍, സമീപത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവയിലേക്കാണ് മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT