kseb  File
Kerala

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി; 21 കാരന്റെ അമ്മയ്ക്ക് 38.50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വൈദ്യുതി ബോര്‍ഡ് ലൈനിന്റെ സുരക്ഷിതത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

Author : വിദ്യാനന്ദന്‍ എംഎസ്‌
Edited By : ആതിര അഗസ്റ്റിന്‍

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്.

2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു യുവാവിന് ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇളയ സഹോദരി പത്താം ക്ലാസിലായിരുന്നു. മൂത്ത സഹോദരി വിവാഹിതയും. കെഎസ്ഇബി യുമായി നഷ്ടപരിഹാരത്തിനായി കേസ് നടക്കുന്നതിനിടെ അച്ഛന്‍ മരിച്ചു. സനുവിന്റെ അമ്മ സത്യഭാമ അദാലത്തില്‍ പരാതി നല്‍കിയത് 2023 ലാണ്. വൈദ്യുതി ബോര്‍ഡ് ലൈനിന്റെ സുരക്ഷിതത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ അപകടം സംഭവിച്ചത് സനുവിന്റെ അശ്രദ്ധയും അലക്ഷ്യമായ പ്രവര്‍ത്തിയും കൊണ്ടാണെന്നാണ് ബോര്‍ഡ് വാദിച്ചത്. ഫൈനല്‍ സെറ്റില്‍മെന്റ് ആയി കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കിയതും അദാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് 2024 ല്‍ അദാലത്ത് സത്യഭാമയുടെ പരാതി തള്ളി. ഇതിനെതിരെ സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വാദത്തിനൊടുവില്‍ ബോര്‍ഡിന്റെ വീഴ്ച്ച കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അദാലത്ത് കണ്ടെത്തിയത്. തോട്ടി വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നപ്പോള്‍ ട്രിപ്പ് ആവേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ട്രിപ്പ് ആവാനുള്ള പ്രൊട്ടക്റ്റീവ് ഫ്യൂസ് സിസ്റ്റം പ്രവര്‍ത്തിച്ചില്ല എന്നത് ബോര്‍ഡിന്റെ വീഴ്ചയാണ്. സനുവിന് പ്രതിദിനം 1,000 രൂപ വരുമാനം ഉണ്ടായിരുന്നെന്നാണ് കുടുംബം അദാലത്തില്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വെല്‍ഡര്‍ ജോലിക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദാലത്ത് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മുമ്പ് നല്‍കിയ 2 ലക്ഷം കഴിച്ച് 36.50 ലക്ഷം അമ്മക്ക് ബോര്‍ഡ് നല്‍കണം. ഈ തുകക്ക് 6 ശതമാനം പലിശയും കൂടാതെ 10,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നും ഉത്തരവിലുണ്ട്.

അദാലത്ത് ചെയര്‍പേഴ്സണ്‍ ഷെറിന്‍ ആഗ്‌നസ് ഫെര്‍ണാണ്ടസ്, അംഗം എന്‍ ജീവന്‍ എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരിയെ പ്രതിനിധീകരിച്ചത് അഡ്വക്കേറ്റുമാരായ ഫ്രാന്‍സി ജോണ്‍, എസ്. രഘുകുമാര്‍, ത്രേയ ജെ. പിള്ള, ആര്യ സുരേഷ് കുമാര്‍ എന്നിവരാണ്.

ശ്രദ്ധേയമായ ഉത്തരവ്

ഈ ഉത്തരവ് സമാന രീതിയില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്‍ക്ക് സഹായകരമായേക്കാം. കേരളത്തില്‍ വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്ന് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഇരുമ്പില്‍ നിര്‍മിച്ച തോട്ടി, കോണി എന്നിവ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കൊല്ലപ്പെട്ടത് 22 പേരാണെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ കണക്ക്. 31 പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ആ വര്‍ഷം നടന്നത് കൊല്ലം ജില്ലയിലാണ്, ആറു പേരാണ് ജീവന്‍ പൊലിഞ്ഞത്.

The Permanent Lok Adalat for Public Utility Services ordered the Kerala State Electricity Board (KSEB) to pay ₹38.50 lakh in total compensation to Sathyabhama, the mother of 21-year-old Sanu from Sakthikulangara, Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സന്തുഷ്ടനാണ്'; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍-വിഡിയോ

'സുന്ദരി' വിളി കുറ്റമല്ല, അതൊരു ജെന്‍സി പ്രയോഗം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

'അച്ഛന്‍റെ ഫാമിലി പെന്‍ഷന്‍ വാങ്ങിയത് എന്റെ അമ്മ പി കെ ശ്രീമതി'; വെളിപ്പെടുത്തി മുന്‍ എംഎല്‍എയുടെ മകന്‍

മുലപ്പാല്‍ കൂടാനും പ്രതിരോധശേഷി വര്‍ധിക്കാനും, പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന 'കുരുക്കുമരുന്ന്', ആയുര്‍വേദവിധി പ്രകാരം തയ്യാറാക്കാം

നിരാഹാരം അവസാനിപ്പിച്ച് വാങ്ചുക്, ബില്‍ കൊണ്ടുവരുമെന്ന് മോദി, സ്വര്‍ണക്കൊള്ളയില്‍ പ്രശാന്ത് നേരിട്ട് ഇടപെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍