പവര്‍കട്ട് ഏകീകരിക്കും പ്രതീകാത്മക ചിത്രം/ ഫയൽ
Kerala

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ 800-900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തും. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടര്‍ന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ 800-900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി പ്രതിസന്ധിയില്‍ അത്ഭുത പ്രവൃത്തി സാധ്യമല്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാര്‍ റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. റെഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയതെങ്കിലും, വൈദ്യുതി നിയമത്തിന്റെ 108-ാം വകുപ്പനുസരിച്ച് സര്‍ക്കാരിന് ഇടപെടാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആറു മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും, ഇതിന്റെ പാപഭാരം ചുമക്കുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് മുന്‍ വൈദ്യുതു മന്ത്രി എംഎം മണി പറഞ്ഞു. കൃത്രിമക്ഷാമം ഉണ്ടാക്കി പുതിയ കരാറിലൂടെ കമ്മീഷന്‍ അടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കേരളത്തില്‍ മഴ എത്ര പെയ്താലും 40 ശതമാനം വൈദ്യുതിയേ ഉണ്ടാക്കാനാകൂ. ബാക്കി പുറത്തുനിന്ന് വാങ്ങണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കരാര്‍ റദ്ദാക്കി എന്നുപറയുന്നത് വെറുതേയാണ്. കഴിഞ്ഞ പത്തുവര്‍ഷം കേരളത്തില്‍ കട്ട് ഉണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്തത്. താന്‍ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. നിലവില്‍ വരാന്‍ സാധ്യത ഉള്ള പ്രതിസന്ധി മുമ്പ് തന്നെ കണ്ടെത്തി പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എംഎം മണി പറഞ്ഞു. പ്രളയം വന്നപ്പോഴും മഴയില്ലാതെ വന്നപ്പോഴും വൈദ്യതി പ്രതിസന്ധി ഇല്ലാതെ സംസ്ഥാനം പേയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KSEB to launch statewide advanced power outage alert system today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖമില്ലാത്തവര്‍ എന്ത് മാനവികതയാണ് പറയുന്നത്?; സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

വിനേഷ് ഫോ​ഗട്ടിന് വൻ തിരിച്ചടി; ലോക ചാംപ്യൻഷിപ്പ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണം; ഹർജി ​ഹൈക്കോടതി തള്ളി

പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

'നവരാത്രി'യുമായി അമല പോളും എം പത്മകുമാറും; ചിത്രത്തിന്റെ പൂജ നടന്നു