KSEB VEH Global Wind Power Purchase Center-Center-Chennai
Kerala

ആ നിർദേശം വച്ചത് സർക്കാർ; കാറ്റാടി വൈദ്യുതി വിവാദത്തിൽ പുതിയ വഴിത്തിരിവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: വിവാദമായ കാറ്റാടി വൈദ്യുതി ഇടപാടിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുന്നു. വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്നും 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബിക്ക് മുന്നിൽ വച്ചത് സർക്കാർ തന്നെയാണ്. വൈകുന്നേരം ആറുമണി മുതൽ അർദ്ധരാത്രി വരെയുള്ള പീക്ക് സമയങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനെന്ന പേരിൽ സെപ്റ്റംബർ 22-ന് സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് വിവാദ കരാറിലേക്ക് കെഎസ്ഇബി നീങ്ങിയത്. മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ പൂർണ്ണ അറിവോടെയാണ് ഇത്തരമൊരു നിയമവിരുദ്ധ കരാർ നടന്നിട്ടുള്ളതെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഒക്ടോബറിൽ നടപ്പിലാക്കിയ വൈദ്യുതി ഇടപാട് പൂർണ്ണമായും നിയമവിരുദ്ധമാണെന്നാണ് പ്രധാന ആക്ഷേപം. കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ ചട്ടപ്രകാരം നാലു മുതൽ നാലര രൂപ വരെ മാത്രം പരമാവധി വിലയുള്ള കാറ്റാടി വൈദ്യുതി പത്തു രൂപയിൽ കൂടുതൽ നൽകി വാങ്ങാനോ വിൽക്കാനോ നിയമപരമായി സാധിക്കില്ല. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് യൂണിറ്റിന് 11 രൂപ നിരക്കിലാണ് വിഇഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയിരിക്കുന്നത്. ഇത്രയും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബിക്ക് മുന്നിൽ സർക്കാരാണ് വെച്ചത് എന്നത് ഈ ഇടപാടിന്റെ ദുരൂഹത ഇരട്ടിയാക്കുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യം മുതലെടുത്താണ് സർക്കാരും കെഎസ്ഇബിയും വിഇഎച്ചും ചേർന്ന് ഈ നിയമവിരുദ്ധ നടപടിക്ക് കളമൊരുക്കിയത്.

നിലവിലുള്ള ചട്ടങ്ങൾപ്രകാരം ഇന്നത്തെ ആവശ്യത്തിന് ഇന്നത്തേക്ക് വിൽക്കുക അല്ലെങ്കിൽ തലേന്ന് വിൽക്കുക എന്നീ രണ്ട് രീതികൾ മാത്രമാണ് കാറ്റാടി വൈദ്യുതി ഉത്പാദകർക്ക് മുന്നിലുള്ളത്. ഹ്രസ്വകാല കരാർ ഉണ്ടാക്കാൻ സർക്കാരിനോ കമ്പനിക്കോ സാധിക്കില്ല. അടിയന്തര ആവശ്യം ചൂണ്ടിക്കാണിച്ചാൽ പോലും ഒരുമാസത്തെ കരാറിന് നിയമസാധുതയില്ല. ഈ നിയമവിരുദ്ധത കെഎസ്ഇബിക്കും അറിയാമായിരുന്നു. നേരത്തെ, അടിയന്തര ആവശ്യം പരിഹരിക്കാൻ ഈ കമ്പനിയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാനുള്ള അനുമതി തേടി കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം നൽകിയ അപേക്ഷയ്ക്ക്, അന്ന് ഊർജ സെക്രട്ടറിയുടെ ചുമതലകൂടി വഹിച്ചിരുന്ന അദ്ദേഹം തന്നെയാണ് അനുമതി നൽകിയത്. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ വിലയ്ക്ക് വൈദ്യുതി വിൽക്കാൻ അനുമതിയില്ലാത്ത കമ്പനിയാണിതെന്നു വ്യക്തമായിരിക്കെയാണ് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ അംഗീകാരം നൽകിയത്.

അനുമതിയില്ലാതെ വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് കത്തയച്ചിട്ടുണ്ട്. കരാറിൽ അവ്യക്തതയുണ്ടെന്ന് കമ്മീഷൻ ബോർഡിനെ അറിയിച്ചിരുന്നു. ബോർഡ് സമർപ്പിച്ച റിപ്പോർട്ടുകളിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാണിച്ച കമ്മീഷൻ, വിഇഎച്ച് ഗ്ലോബൽ കമ്പനിക്ക് എച്ച്പി–ടാം വിപണിയിൽ വൈദ്യുതി വിൽക്കാൻ അർഹതയില്ലെന്ന കേന്ദ്ര ചട്ടം നിലനിൽക്കെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് എങ്ങനെയെന്നും, ഒരേസമയം വൈദ്യുതി ഉൽപാദക കമ്പനിയും വിപണന കമ്പനിയുമായ വിഇഎച്ച് ഗ്ലോബൽ ഇതിൽ ഏതുനിലയിലാണ് കരാറിൽ ഏർപ്പെട്ടതെന്നും ചോദിക്കുന്നു. കൂടാതെ ടെൻഡറിൽ പങ്കെടുക്കുകയോ റഗുലേറ്ററി കമ്മീഷനെ സമീപിച്ച് വില നിശ്ചയിക്കുകയോ ചെയ്യാതെ വില നിർണയിച്ചതെങ്ങനെയാണെന്നും, ഒക്ടോബർ 1 മുതൽ വൈദ്യുതി വാങ്ങാൻ സെപ്റ്റംബർ 22ന് തന്നെ കരാറിന് സർക്കാർ അനുമതി നൽകിയെങ്കിൽ അതിൽ അടിയന്തര സ്വഭാവമില്ലാത്തതിനാൽ കമ്മീഷനെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുമ്പോൾ പതിനഞ്ച് ദിവസത്തിനുള്ളിൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടേണ്ടിയിരുന്നിട്ടും ഈ കരാറിൽ ഒന്നര മാസത്തോളം വൈകിയത് എന്ത്കൊണ്ടാണെന്നതുൾപ്പെടെ പതിനഞ്ചിലേറെ സംശയങ്ങളാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡിന്റെ മറുപടികളുടെ അടിസ്ഥാനത്തിലായിരിക്കും റെഗുലേറ്ററി കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക.

അതേസമയം വൈദ്യുതി കരാറിൽ യാതൊരു ദുരൂഹതയുമില്ലെന്നും മന്ത്രി എന്ന നിലയിൽ താനും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് തീരുമാനമെടുത്തതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്കമാക്കി . കമ്മീഷൻ കൂടുതൽ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അത് നൽകുമെന്നാണ് മനസിലാക്കുന്നത്.കരാറിനായി ഒരു തിടുക്കവും ഉണ്ടായിട്ടില്ല. കാറ്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി നാല് രൂപയ്ക്കൊന്നും എവിടെയും കിട്ടിയിട്ടില്ലെന്നും മന്ത്രി വിശദമാക്കി.

The Kerala government directed KSEB to purchase 200 MW of wind power from VEH Global. The controversial deal, executed at an inflated rate, faces strict scrutiny and a demand for clarification from the Electricity Regulatory Commission over alleged legal violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്പൈഡർമാന്റെ' റെക്കോർഡ് തകർക്കുമോ 'ഡൂംസ്‌ഡേ'? അഡ്വാൻസ് ബുക്കിങ്ങിൽ കുതിപ്പ്; ആദ്യ മണിക്കൂറിൽ വിറ്റത് 50,000 ടിക്കറ്റുകൾ

'ഇരമ്പിപ്പായാന്‍' ഇനി ഇല്ല; പള്‍സര്‍ 180 മോഡല്‍ നിര്‍ത്തി ബജാജ്!

ഓറഞ്ചിന്റെ തൊലികൊണ്ട് മധുരമൂറുന്ന മിഠായി, കൃത്രിമ ചേരുവകളില്ലാതെ വീട്ടിൽ ഉണ്ടാക്കാം

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം: മുഖ്യമന്ത്രിക്ക് പി വി അന്‍വറിന്റെ കത്ത്

ആരാകും ബോണ്ട് ​ഗേൾ? റോബർട്ട് പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയും മാർഗരറ്റ് ക്വാളിയും?