

പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ എത്തുമ്പോൾ ചിത്രത്തിലെ നായിക ആരായിരിക്കുമെന്ന ചർച്ചകൾക്ക് ഹോളിവുഡിൽ തുടക്കമായി. സെൻഡയ, മാർഗരറ്റ് ക്വാളി, ഫ്ലോറൻസ് പ്യൂ, അന്യ ടെയ്‌ലർ ജോയ് തുടങ്ങിയ താരങ്ങളാണ് അടുത്ത ബോണ്ട് ചിത്രത്തിലെ നായികാ വേഷത്തിനായി ആരാധകരുടെ പരിഗണനയിലുള്ളത്. എന്നാൽ നായികയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഡാനിയൽ ക്രെയ്ഗിന് ശേഷം ഏഴാമത്തെ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസണെ തിരഞ്ഞെടുത്തതോടെയാണ് ബോണ്ട് ഗേൾ ആരായിരിക്കുമെന്ന ആകാംക്ഷ ശക്തമായത്. പുതിയ ചിത്രത്തിൽ പാറ്റിൻസണും സെൻഡയയും ഒരുമിച്ചെത്തുമെന്ന അഭ്യൂഹങ്ങളും സജീവമാണ്. ഈ വർഷം പുറത്തിറങ്ങിയ 'ദി ഡ്രാമ', 'ഒഡീസി' എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'ഡ്യൂൺ' സിനിമകളിലും ഇരുവരും ഭാഗമാണ്.
മാർഗരറ്റ് ക്വാളിയുടെ പേരും സാധ്യതാ പട്ടികയിൽ മുൻനിരയിലുണ്ട്. 'ദി സബ്സ്റ്റൻസ്', 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്', 'മെയ്ഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാർഗരറ്റ്. ബോണ്ട് ഗേൾ വേഷത്തിനായുള്ള ഓൺലൈൻ പ്രവചനങ്ങളിലും താരം മുന്നിലാണ്. പ്രവചന വിപണിയായ കൽഷിയിലെ കണക്കുകൾ പ്രകാരം മാർഗരറ്റിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
'ദി ക്വീൻസ് ഗാംബിറ്റ്', 'ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അന്യ ടെയ്‌ലർ ജോയ്, ഫ്ലോറൻസ് പ്യൂ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. 'യൂഫോറിയ' താരം സിഡ്നി സ്വീനിയും ബോണ്ട് ഗേൾ വേഷത്തിനായി ആരാധകർ നിർദേശിക്കുന്നവരിൽ ഒരാളാണ്.
പ്രശസ്തമായ 'ഡ്യൂൺ', 'ബ്ലേഡ് റണ്ണർ 2049', 'അറൈവൽ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഡെനിസ് വില്ലെനൂവ് ആണ് പുതിയ ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. 'പീക്കി ബ്ലൈൻഡേഴ്സ്' പരമ്പരയുടെ സ്രഷ്ടാവായ സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്.