KSOTTO 
Kerala

വൃക്ക കാത്തിരിക്കുന്നവർക്ക് ലളിത മാർ​ഗം; 'സ്വാപ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റ്' പ്രോത്സാഹിപ്പിക്കാൻ കെ-സോട്ടോ

ഒന്നോ അതിലധികമോ യോജിക്കാത്ത വൃക്ക ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ജോഡികള്‍ പരസ്പരം വൃക്കകള്‍ കൈമാറ്റം ചെയ്യുന്ന ശസ്ത്രക്രിയയാണ് സ്വാപ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷൻ

അന്ന ജോസ്

കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വലിയ സങ്കീര്‍ണതകളുള്ളതാണ്. രക്ത ഗ്രൂപ്പടക്കമുള്ള പൊരുത്തക്കേടുകള്‍ കാരണം വൃക്ക കിട്ടാതെ വിഷമിക്കുന്ന രോഗികള്‍ സംസ്ഥാനത്തുണ്ട്. അതിനൊരു പരിഹാരമാകുകയാണ് സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) ആണ് പദ്ധതിയുമായി രംഗത്തുള്ളത്. സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പദ്ധതി.

സ്വാപ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ എന്നത് ഒന്നോ അതിലധികമോ യോജിക്കാത്ത വൃക്ക ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ജോഡികള്‍ പരസ്പരം വൃക്കകള്‍ കൈമാറ്റം ചെയ്യുന്ന ശസ്ത്രക്രിയയാണ്. രക്തഗ്രൂപ്പോ മറ്റ് പൊരുത്തക്കേടുകളോ കാരണം വൃക്ക മാറ്റിവയ്ക്കല്‍ സാധ്യമല്ലാത്ത രോഗികള്‍ക്ക് ഇത് പ്രയോജനകരമാണ്.

സംസ്ഥാനത്ത് വൃക്കകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെയും ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം - 2231 ആണ്. 2012 മുതല്‍ 2024 വരെയുള്ള കാലയളവിനിടെ സംസ്ഥാനത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 656എണ്ണമാണ് നടന്നത്. സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് മാര്‍​ഗ നിര്‍ദ്ദേശങ്ങളും നെറ്റ്‍വർക്കുകൾ തയ്യാറാക്കുകയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

'ചിലപ്പോള്‍, വൃക്ക ദാനം ചെയ്യാന്‍ തയ്യാറുള്ള കുടുംബാംഗങ്ങള്‍ ഉണ്ടാകാം. എന്നാൽ രക്തഗ്രൂപ്പിലെ പൊരുത്തക്കേടും രോഗപ്രതിരോധശേഷിക്കുറവും കാരണം ട്രാന്‍സ്പ്ലാന്റ് സാധ്യമാകണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഒരു മാർ​ഗമാണ്. മറ്റ് ആശുപത്രികളിലോ നഗരങ്ങളിലോ ഇതേ പ്രശ്‌നം നേരിടുന്ന ദാതാക്കളും സ്വീകര്‍ത്താക്കളും ഞങ്ങളുടെ കൂടെ ഉണ്ടാകും. ഞങ്ങള്‍ അവരുമായി ആശയവിനിമയം നടത്തുകയും അനുയോജിക്കുന്നത് പരിശോധിച്ച് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകും'- കെ-സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പദ്ധതിയെക്കുറിച്ച് വിവരിച്ചു.

'2021ല്‍, കേരള ഹൈക്കോടതി ബന്ധുക്കളല്ലാത്തവര്‍ക്കിടയില്‍ സ്വാപ്പ് വൃക്ക മാറ്റിവയ്ക്കല്‍ അനുവദിച്ചിട്ടുണ്ട്. ഇവയുടെ ഗുണങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കെ-സോട്ടോയില്‍ ലഭ്യമായ രജിസ്ട്രിയും സോഫ്റ്റ്‍വെയറും ഉപയോഗിച്ച് രോഗികളുടെയും ആശുപത്രികളുടെയും നെറ്റ്‍വർക്കിങ് സാധ്യമാണ്. പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നടപടിക്രമങ്ങൾ സ്വതാര്യവും പൊതുജനങ്ങൾക്കു എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതുമായിരിക്കും'- ഡോ. നോബിള്‍ പറഞ്ഞു.

'ഏകദേശം 30 ശതമാനം രോ​ഗികൾ യോജിക്കുന്ന വൃക്കകൾ ആവശ്യമുള്ളവരുടെ പട്ടികയിലുണ്ട്. അവര്‍ക്ക് ദാതാക്കളുണ്ട്, പക്ഷേ വൃക്കകൾ യോജിക്കില്ല. സ്വാപ്പ് വൃക്ക മാറ്റിവയ്ക്കല്‍ അത്തരം രോഗികളെ സഹായിക്കും. ഈ സംവിധാനം വികസിപ്പിച്ചെടുത്താല്‍ നമുക്ക് നിരവധി രോഗികളെ രക്ഷിക്കാന്‍ കഴിയും. ആളുകളിൽ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിച്ച് പരിശീലിക്കുന്നതിലൂടെ ട്രാന്‍സ്പ്ലാന്റിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും. ശരിയായ ദാതാവിനൊപ്പം വൃക്ക മാറ്റിവയ്ക്കല്‍ നടത്താനും ചെലവ് കുറയ്ക്കാനും കഴിയും'- ഇഖ്റ, ആസ്റ്റര്‍ മിംസ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഫിറോസ് അസീസ് പറയുന്നു.

'സംസ്ഥാനത്ത് 2000-ത്തിലധികം രോഗികള്‍ വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നു. ഒരു സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് കുറഞ്ഞത് അവരില്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഗുണം ചെയ്യും. കൂടാതെ, ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് പ്രാരംഭ ഘട്ടത്തില്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ സാധാരണ നിലയിലേക്ക് ജീവിതത്തെ തിരിച്ചു പിടിക്കാൻ പോലും സാധിച്ചേക്കും. ഇതൊരു ടീം വർക്കാണ്. അതിനായി ആശുപത്രികള്‍, ലോജിസ്റ്റിക് സേവനങ്ങള്‍, കുടുംബങ്ങളുടെ സന്നദ്ധത എന്നിവ തമ്മിലുള്ള ഏകോപനം പ്രധാനമാണ്'- ഡോ. നോബിള്‍ കൂട്ടിച്ചേര്‍ത്തു.

By preparing a protocol and ensuring the participation of hospitals, the initiative aims to help patients waiting for transplant surgery and undergoing dialysis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT