കൊച്ചി: ശബരിമല തീര്‍ത്ഥാടന കാലത്ത് 'ടെമ്പിള്‍-കണക്റ്റ്' പാക്കേജുമായി കെഎസ്ആര്‍ടിസ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ഭാഗമായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇത്തവണത്തെ മണ്ഡലകാലത്ത് 72 ടെംപിള്‍ കണക്ട് പാക്കേജുകളാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്യത്യസ്ഥമായ തീര്‍ത്ഥാടക അനുഭവമാണ് കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നത്.
1600 പേര്‍ക്ക് പങ്കെടുക്കാവുന്ന 72 സര്‍വീസുകളാണ് നിലവില്‍ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് ടൂറിസം സെല്ലിലെ ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക ട്രിപ്പുകള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ്- കെഎസ്ആര്‍ടിസി എന്നിവ സംയുക്തമായാണ് ടെംപിള്‍ കണക്ട് പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന ഉന്നത തലയോഗം ടെംപിള്‍ കണക്ട് പദ്ധതിക്ക് അനുമതി നല്‍കി.
അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാല് ക്ഷേത്രങ്ങളെയാണ് പ്രധാനമായും സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, തുടങ്ങി ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുളത്തൂപ്പുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആര്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രവും അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നതുമായ പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം (പത്തനംതിട്ട) എന്നിവയാണ് തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങള്‍.
ഇതിന് പുറമെയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജുകള്‍. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ യാത്ര പദ്ധതിയിട്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ചാര്‍ട്ടേഡ് യാത്രകള്‍ക്കുള്ള അന്തിമ ഷെഡ്യൂള്‍ യാത്രാ ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
90 ശതമാനം സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടാല്‍ ഒരു ചാര്‍ട്ടേഡ് ബസ് സര്‍വീസ് നടത്തും. ഒരു സംഘത്തിനും, ഒന്നിലധികം സംഘങ്ങള്‍ക്കും ബുക്കിങ് നടത്താന്‍ സാധിക്കും. ബുക്കിങ് വര്‍ധിപ്പിക്കാന്‍ ബള്‍ക്ക് ബുക്കിങിന് കമ്മീഷനും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) ബുക്കിങ്ങുകള്‍ക്ക് ഗൂപ്പിന്റെ നേതാവിന് 3 ശതമാനം കമ്മീഷനും ആഴ്ച ദിവസങ്ങളില്‍ 2.5 ശതമാനവും കമ്മീഷനായി ലഭിക്കും. ഇത് സംബന്ധിച്ച ഉടന്‍ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കുറഞ്ഞ യാത്രാ നിരക്കായിരിക്കും പാക്കേജിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും 500 രൂപ മുതല്‍ 700 രൂപ നിരക്കില്‍ പാക്കേജ് ലഭ്യമാകും. ഇതിന് പുറമെ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയില്‍ പാക്കേജ് യാത്രക്കാര്‍ക്ക് സൗജന്യമായി ലഗേജ് സ്ഥലവും റിഫ്രഷ്മെന്റ് സൗകര്യങ്ങളും ലഭിക്കും. ഇതാദ്യമായാണ് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. ഭക്തര്‍ക്ക് സൗകര്യ പ്രഥമായി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സന്നിധാനത്തും കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകും.
അതേസമയം, ഈ വര്‍ഷം ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കായി സ്ഥിരം സര്‍വീസുകളില്‍ നിന്ന് ഒരു ബസും പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പകരം, മുമ്പ് നഷ്ടത്തില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചാണ് പാക്കേജിനായി കെഎസ്ആര്‍ടിസിയുടെ 327 ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. തീര്‍ത്ഥാടന സീസണില്‍ സ്ഥിരം യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതിയതായി എത്തിയ ബസുകളും ശബരിമല സര്‍വീസുകള്‍ക്കായി വിന്യസിക്കും. പമ്പ-നിലയ്ക്കല്‍ സര്‍വീസുകള്‍ക്കായി 500 മുതല്‍ 550 വരെ ലോക്കല്‍ ബസുകള്‍ ആണ് നീക്കിവച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates