കവരത്തി: പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് സമരം. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പടെ സമരത്തിൽ പങ്കെടുക്കും.
അതിനിടെ ദ്വീപിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ആൾക്കൂട്ടം തടയാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിരാഹാര സമരത്തിൽ മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു.
അതേസമയം, നിരാഹാര സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. മുൻകരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നല്‍കി.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നിൽ കണ്ട് ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates