മലപ്പുറം: ഒരു കുടുംബത്തിന് പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ടപ്പോള്‍, മറ്റുള്ളവര്‍ക്ക് അത് കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ പുതിയ 'കേരള സ്റ്റോറി' ആയിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്കൊപ്പം ചേര്‍ത്തുവെച്ച ചില പരാമര്‍ശങ്ങള്‍ പ്രേമലതയുടെ കുടുംബത്തിന് സ്വന്തം ജീവിതസാഹചര്യങ്ങള്‍ പോലും വിശദീകരിക്കേണ്ട അവസ്ഥയുണ്ടാക്കി. മസ്ജിദിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് മൃതദേഹം കുളിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കുടുംബത്തെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവരായി ചിത്രീകരിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്.
ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് നവംബര്‍ 10ന് മരിച്ച 52കാരി പ്രേമലതയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് വിവാദം. ചങ്ങരംകുളത്തെ പള്ളിക്കര ഖദീജ മസ്ജിദില്‍ മൃതദേഹം കുളിപ്പിക്കാനുള്ള സൗകര്യമൊരുക്കിയ സംഭവം വലിയ വാര്‍ത്തയായെങ്കിലും അതിന് പിന്നിലെ കുടുംബത്തിന്റെ ആഗ്രഹങ്ങളും സാഹചര്യങ്ങളും പരിഗണിക്കപ്പെട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
പ്രേമലതയുടെ ചികിത്സയ്ക്കായി ഭര്‍ത്താവ് സഹദേവന്‍ കഴിയാവുന്നതെല്ലാം ചെയ്തിരുന്നുവെന്നും കുടുംബം ആരുടെയും സാമ്പത്തിക സഹായം തേടിയിരുന്നില്ലെന്നും സഹോദരി പുത്രി ഭവ്യ പറയുന്നു. സ്വന്തം വീടുണ്ടായിട്ടും ഭര്‍ത്താവിന്റെ ബിസിനസ് ആവശ്യങ്ങളും മകളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് പ്രേമലത ചങ്ങരംകുളത്ത് വാടകവീട്ടില്‍ താമസിച്ചിരുന്നത്. 13 വര്‍ഷമായി അവിടെ ജീവിച്ച അവര്‍ക്ക് പ്രദേശത്തെ സുഹൃത്തുക്കളും പരിചയക്കാരുമായിരുന്നു ജീവിതത്തിന്റെ ഭാഗം.
മരണശേഷം മൃതദേഹം വീട്ടില്‍ത്തന്നെ കുളിപ്പിച്ച് അവിടെ പൊതുദര്‍ശനത്തിന് വെക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍, വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാവ് സുഹറ മമ്പാട് പള്ളിയിലെ സൗകര്യം ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് കാലത്തും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സൗകര്യമാണിതെന്ന് പറഞ്ഞതോടെ കുടുംബം സമ്മതിച്ചു. പിന്നീട് മൃതദേഹം വീട്ടില്‍ തിരിച്ചെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് പൊന്നാനിയിലുള്ള ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.
എന്നാല്‍, പള്ളിയുടെ ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും തെറ്റായ പ്രചാരണമുണ്ടായെന്നാണ് ഭവ്യയുടെ ആരോപണം. പള്ളി കമ്മിറ്റി സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തെ സഹായിച്ചുവെന്നും മൃതദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ പള്ളിയില്‍ നടന്നുവെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ കുടുംബത്തെ വേദനിപ്പിച്ചു. 'അമ്മാവന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സയ്ക്കായി പണം ചെലവഴിച്ചതല്ലാതെ ആരുടെയും സഹായം വാങ്ങിയിട്ടില്ല. ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ട്. വാടകയ്ക്ക് താമസിക്കുന്നതിന് അതിന്റേതായ കാരണങ്ങളുമുണ്ട്. ഒരാളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിനിടയില്‍ ഞങ്ങളുടെ കുടുംബം ദരിദ്രരല്ലെന്ന് മറ്റുള്ളവരോട് വിശദീകരിക്കേണ്ടിവരുന്നത് എന്തിനാണ്?' ഭവ്യ ചോദിക്കുന്നു.
വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളൊന്നും കുടുംബത്തിന്റെ പ്രതികരണം തേടിയില്ലെന്നും തിരുത്തല്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് തെറ്റായ വാര്‍ത്ത നല്‍കിയതിന് സുഹറ മമ്പാടിന്റെ ഭര്‍ത്താവ് എ വി അബ്ദുവിനും പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കുമെതിരെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്.
കുടുംബത്തിന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി വ്യാഴാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും പ്രശ്‌നം പരിഹരിച്ചെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു. സ്റ്റേഷന് പുറത്തുവെച്ച് അബ്ദു കുടുംബത്തോട് ക്ഷമാപണം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, മൃതദേഹം പള്ളിയില്‍ കുളിപ്പിക്കാന്‍ കുടുംബം സമ്മതം നല്‍കിയിരുന്നുവെന്നാണ് അബ്ദുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ പ്രാദേശിക ഇടതുനേതാക്കളുടെ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അവര്‍ ആരോപിച്ചു. പള്ളിയുടെ വാതിലുകള്‍ ഒരു അന്യമതസ്ഥയ്ക്കായി തുറന്നുനല്‍കിയതില്‍ കുടുംബത്തിന് പരാതിയില്ല. മറിച്ച്, ആ പ്രവൃത്തിയുടെ പേരില്‍ തങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ചതിലാണ് പ്രതിഷേധം. പ്രേമലതയുടെ അവസാന യാത്രയെ മതസൗഹാര്‍ദത്തിന്റെ സന്ദേശമായി ലോകം കണ്ടപ്പോള്‍, ആ യാത്രയ്ക്ക് പിന്നിലെ കുടുംബത്തിന്റെ സ്വകാര്യതയും ആത്മാഭിമാനവും കൂടി സംരക്ഷിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates