

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈഡിന്റെ പുതിയ പരിശീലകനായി മുന്‍ ടോട്ടനം ഹോട്‌സ്പര്‍, പിഎസ്ജി പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോ സ്ഥാനമേല്‍ക്കും. ക്ലബും പൊചെറ്റിനോയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. രണ്ടര വര്‍ഷത്തേക്കുള്ള കരാറിലാണ് ഇരു പാര്‍ട്ടികളും ഒപ്പുവച്ചത്.
സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നു മൈക്കല്‍ കാരിക്കിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് പുതിയ പരിശീലകനായി പൊചെറ്റിനോയെ മാഞ്ചസ്റ്റര്‍ കൊണ്ടുവരുന്നത്. നിലവില്‍ യുഎസ്എ ദേശീയ ടീമിന്റെ പരിശീലകനാണ് പൊചെറ്റിനോ. ആ സ്ഥാനം രാജിവച്ചാണ് പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ പൊചെറ്റിനോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റ് ക്ലബ് ഉടമകളും യുഎസ്എ സോക്കര്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിയാണ് പരിശീലകന്റെ കാര്യത്തില്‍ തീരുമാനമായത്. നിലവില്‍ നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ പൊചെറ്റിനോ യുഎസ്എ ടീമിന്റെ പടിയിറങ്ങി മാഞ്ചസ്റ്ററിന്റെ പുതിയ മാനേജരായി ചുമതലയേല്‍ക്കും. 2013ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ സ്ഥാനമൊഴിഞ്ഞ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാനെത്തുന്ന എട്ടാമത്തെ സ്ഥിരം കോച്ചാണ് പൊചെറ്റിനോ.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെലഗേഷന്‍ സോണിലാണ്. ചാംപ്യന്‍സ് ലീഗിലും വലിയ മുന്നേറ്റമില്ല. ഇതോടെയാണ് സീസണിലെ മോശം ഫോമിന്റെ പേരില്‍ മൈക്കല്‍ കാരിക്കിന്റെ പണി തെറിച്ചത്. മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും കാരിക്കിന്റെ പേരിലായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒറ്റ കലണ്ടര്‍ വര്‍ഷം പുറത്താക്കുന്ന രണ്ടാമത്തെ സ്ഥിരം പരിശീലകനാണ് കാരിക്ക്. ഈ വര്‍ഷം ജനുവരിയില്‍ അവര്‍ റുബന്‍ അമോറിമിനെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ റുബന്‍ അമോറിമിനു കീഴില്‍ സമാന തകര്‍ച്ച നേരിട്ടപ്പോഴാണ് മുന്‍ മാഞ്ചസ്റ്റര്‍ ഇതിഹാസം കൂടിയായ കാരിക്കിനെ കെയര്‍ടേക്കറായി നിയമിച്ചത്. അദ്ദേഹത്തിനു കീഴില്‍ കഴിഞ്ഞ സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ ടീം മികവ് പുലര്‍ത്തി. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗ് ബര്‍ത്തും സ്വന്തമാക്കി. ഇതോടെ കാരിക്കിനെ സ്ഥിരം പരിശീലകനായി മെയ് മാസത്തില്‍ നിയമിച്ചു.
എന്നാല്‍ ഈ സീസണിന്റെ തുടക്കം മുതല്‍ വീണ്ടും ടീമിന്റെ പ്രകടനം പിന്നാക്കം പോയി. പ്രീമിയര്‍ ലീഗില്‍ 10 കളിയില്‍ ഒരു കളി മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചത്. 5 സമനിലയും 4 തോല്‍വിയുമായി പട്ടികയില്‍ അവര്‍ 18ാം സ്ഥാനത്താണ്. അതായത് തരംതാഴ്ത്തല്‍ സോണിലാണ് ടീം നില്‍ക്കുന്നത്. സമീപകാലത്തൊന്നും ഇത്രയും തകര്‍ച്ച മുന്‍ ചാംപ്യന്‍മാര്‍ പ്രീമിയര്‍ ലീഗില്‍ നേരിട്ടിട്ടില്ല. സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 3 ജയം മാത്രമേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുള്ളു.
അതേസമയം സീനിയര്‍ താരങ്ങളും ക്ലബ് അധികൃതരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് കാരിക്കിന്റെ പടിയിറക്കം. 2013ല്‍ ഇതിഹാസ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ തന്റെ 27 വര്‍ഷം നീണ്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കാലത്തിനു തിരശ്ശീലയിട്ട് പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരീക്ഷിച്ച എട്ടാമത്തെ സ്ഥിരം മാനേജരാണ് കാരിക്ക്. മറ്റ് പല സ്ഥിരം കോച്ചുമാരേയും പുറത്താക്കിയ ഘട്ടത്തിലെല്ലാം ടീമിന്റെ കെയര്‍ ടേക്കറായ വന്നിട്ടുള്ള ആളും കാരിക്കാണ്. എന്നാല്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ കാരിക്കിന്റെ തന്ത്രങ്ങളും പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates