ഗോവിന്ദ് കൃഷ്ണന്‍  
Kerala

നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ

ഗോവിന്ദിന്റെ വിദ്യാഭ്യാസ യാത്ര തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളെയാണ് ഒരുമിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: മിക്ക കുട്ടികളും സാധാരണ സ്‌കൂള്‍ പാഠങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ ഗോവിന്ദ് കൃഷ്ണന്‍ വ്യത്യസ്തമായ പാതയാണ് തെരഞ്ഞെടുത്തത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ ഗോവിന്ദ് തൃശൂരിലെ പരമ്പരാഗത ഗുരുകുലത്തില്‍ വേദപഠനത്തിനായി ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകള്‍ പാസാവുകയും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (IIST) പ്രവേശനം നേടുകയും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഗോവിന്ദിന്റെ വിദ്യാഭ്യാസ യാത്ര തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളെയാണ് ഒരുമിപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങള്‍ വാമൊഴിയായുള്ള പഠനത്തിലൂടെ പുരാതന വേദമന്ത്രങ്ങള്‍ മനഃപാഠമാക്കുന്നതിനായി ചെലവഴിച്ചപ്പോള്‍, പിന്നീടുള്ള അക്കാദമിക് ജീവിതം ഗണിതം, എഞ്ചിനീയറിങ്, ആധുനിക ശാസ്ത്രം എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു.സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത പാത പിന്തുടരാതെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. പകരം, വേദപഠന കാലഘട്ടത്തില്‍ വളര്‍ത്തിയെടുത്ത അച്ചടക്കവും ഏകാഗ്രതയും അദ്ദേഹത്തിന്റെ അക്കാദമിക് യാത്രയുടെ പ്രധാന ഭാഗമായി മാറി.

ആത്മീയതയും ശാസ്ത്രവും ഒത്തുപോകില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അവയ്ക്ക് ഒത്തുപോകാന്‍ കഴിയുമെന്നാണ് തന്റെ ബോധ്യമെന്ന് ഗോവിന്ദ് പറയുന്നു. വേദപഠനം കരിയര്‍ സാധ്യതകളെ പരിമിതപ്പെടുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. 'ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ വേദപഠനത്തിനായി പരമാവധി ചെലവിട്ടു, മറ്റൊരു ഘട്ടത്തില്‍ ശാസ്ത്രത്തിനായി സര്‍വ്വതും സമര്‍പ്പിച്ചു. എന്നാല്‍ ഇവയിലൊന്നിനെയും താന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഗോവിന്ദ് പറയുന്നു.

2009-ല്‍ സ്വയം വിരമിക്കല്‍ വാങ്ങിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ പിതാവ് ഹരീഷ് കുമാറാണ് ഗോവിന്ദിനെ വേദപഠനത്തിലേക്ക് നയിക്കാന്‍ തീരുമാനമെടുത്തത്. 2011ല്‍ സാധാരണ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് തൃശൂരിലെ പരമ്പരാഗത വേദപാഠശാലയായ ബ്രഹ്മസ്വം മഠത്തില്‍ ചേര്‍ന്ന ഗോവിന്ദ് നാല് വര്‍ഷത്തെ ഗുരുകുല വിദ്യാഭ്യാസം നേടി. 'അതൊരു അഞ്ച് വര്‍ഷത്തെ കോഴ്സായിരുന്നു, എന്നാല്‍ ഞാന്‍ നാല് വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കി,' അദ്ദേഹം പറയുന്നു.

കണ്ണൂരിലെ കൈതപ്രത്ത് സ്ഥിരതാമസമാക്കുന്നതിന് മുന്‍പ്, പിതാവിന്റെ നേവി ഉദ്യോഗം കാരണം കൊച്ചി, ലോണാവാല, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ താമസം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപനയനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗോവിന്ദ് ഗുരുകുലത്തില്‍ ചേര്‍ന്നത്. അതുവരെ പരിചയിച്ച ക്ലാസ് മുറികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു അവിടെ. അധ്യാപകരെ ശ്രദ്ധിക്കുക, മന്ത്രങ്ങള്‍ മനഃപാഠമാക്കുക, കര്‍ശനമായ ദിനചര്യകള്‍ പാലിക്കുക എന്നിവയിലൂന്നിയായിരുന്നു പഠനം. പാഠപുസ്തകങ്ങള്‍ക്കോ മറ്റ് ആധുനിക പഠനസഹായികള്‍ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷത്തെ കോഴ്സ് ഗോവിന്ദ് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. ആദ്യമായി കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പ്രയാസങ്ങള്‍ തുടക്കത്തിലുണ്ടായിരുന്നെങ്കിലും, ഏകാഗ്രതയും ഓര്‍മ്മശക്തിയും ആവശ്യപ്പെടുന്ന ആ അന്തരീക്ഷവുമായി അദ്ദേഹം വേഗത്തില്‍ പൊരുത്തപ്പെട്ടു. അദ്ദേഹത്തിന്റെ ബാച്ചിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും യജുര്‍വേദമാണ് തെരഞ്ഞെടുത്തത്.

കൂടുതല്‍ സമയവും വേദപഠനത്തിനായി നീക്കിവെച്ചപ്പോഴും, പൊതുവിദ്യാഭ്യാസവുമായുള്ള ബന്ധം ഗോവിന്ദ് പൂര്‍ണമായി ഉപേക്ഷിച്ചിരുന്നില്ല. അടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പേര് ചേര്‍ത്തിരുന്ന അദ്ദേഹം പരീക്ഷകള്‍ എഴുതാന്‍ മാത്രമാണ് അവിടെ പോയിരുന്നത്. ഗുരുകുല പരിശീലനത്തിന്റെ അഞ്ചാം വര്‍ഷമായപ്പോഴേക്കും അദ്ദേഹം വീണ്ടും സാധാരണ സ്‌കൂള്‍ പഠനത്തിലേക്ക് മടങ്ങുകയും നടക്കാവ് വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുകയും ചെയ്തു. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ അവിടെ പഠിക്കുമ്പോഴും ഗുരുകുലത്തിലെ ദിനചര്യകള്‍ തുടര്‍ന്നു. രണ്ട് വിദ്യാഭ്യാസ രീതികളും ഒരുമിച്ച് കൊണ്ടുപോകാന്‍ വലിയ കഠിനാധ്വാനം വേണ്ടിവന്നു. അതിരാവിലെ തുടങ്ങുന്ന ഗുരുകുല ക്ലാസുകള്‍ രാവിലെ 8.30 വരെ നീളും. സ്‌കൂള്‍ പഠനത്തിന് ശേഷം തിരിച്ചെത്തി രാത്രി ഒന്‍പത് മണി വരെ വീണ്ടും വേദപഠനം. തുടര്‍ന്ന് രാത്രി 11 മണി വരെ സ്‌കൂള്‍ പാഠഭാഗങ്ങള്‍ പഠിച്ച ശേഷമാണ് ഉറങ്ങാന്‍ പോയിരുന്നതെന്ന് ഗോവിന്ദ് പറയുന്നു.

കഠിനമായ ഈ ദിനചര്യയ്ക്കിടയിലും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗോവിന്ദ് എ പ്ലസ് നേടി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി മംഗളൂരു മൂഡബിദ്രിയിലെ ആല്‍വാസ് കോളജില്‍ ചേര്‍ന്നു. ഈ ഘട്ടത്തിലാണ് എഞ്ചിനീയറിങിലേക്കും ശാസ്ത്രത്തിലേക്കും അദ്ദേഹത്തിന്റെ താല്പര്യം തിരിഞ്ഞത്. കഠിനമായ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്കായി തയ്യാറെടുത്ത അദ്ദേഹം ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകള്‍ മികച്ച വിജയത്തോടെ പാസായി. ജെഇഇ അഡ്വാന്‍സ്ഡ് വിജയിച്ചതോടെ തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിച്ചു. 2021-ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബി.ടെക് പ്രോഗ്രാമില്‍ ചേര്‍ന്നു.

2025ല്‍ ഐഎസ്ആര്‍ഒ സെന്‍ട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ശാസ്ത്രജ്ഞനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഗോവിന്ദിന്റെ ജീവിതയാത്ര മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. 2025 ജൂലൈയില്‍ തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷവും തന്റെ ആത്മീയ ദിനചര്യകള്‍ ഗോവിന്ദ് ഉപേക്ഷിക്കുന്നില്ല. ഗുരുകുലത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ക്കായി ദിവസവും ഒന്നോ രണ്ടോ മണിക്കൂറെങ്കിലും നീക്കിവെക്കാന്‍ കഴിയുമെന്നാണ് ഗോവിന്ദിന്റെ പ്രതീക്ഷ. ഭാവിയില്‍ കുട്ടികള്‍ക്ക് താന്‍ പഠിച്ച അറിവുകള്‍ പകര്‍ന്നുനല്‍കാനും ഗോവിന്ദ് ആഗ്രഹിക്കുന്നു.

A Kerala man who left regular school after Class 4 to study Yajurveda at a gurukula later cracked JEE Main and Advanced, earning selection for a scientist's post at ISRO.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത, അക്‌വാന്‍ ഇന്ന് കരതൊടും; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

11 അല്ല, കേരളത്തിലെത്തിയപ്പോള്‍ 1.55 രൂപ കൂടി; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം

സ്വര്‍ണത്തില്‍ ദമ്മിട്ട ബിരിയാണി; 'മോതിരമിട്ട കോഴിയെയാണോ ഉപയോഗിച്ചത്?!!'