തിരുവനന്തപുരം: കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല, യുവാക്കള്‍ക്ക് ഭരണസമിതിയില്‍ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്വെയര്‍, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയില്‍ പരിഗണിക്കുന്ന ബില്ലാണ് അവതരിപ്പിച്ചത്.
സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തിനും ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനും എതിരാണെന്ന അഭിപ്രായം വന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ ബില്‍ അവതരിപ്പിച്ചത്.
സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യമുണ്ട്. ശ്രദ്ധയില്‍ വന്ന പല ക്രമക്കേടുകളും ദീര്‍ഘകാലങ്ങളായി ഒരേ വ്യക്തികള്‍ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ഭരണസമിതി അംഗമാകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സംഘങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനത്തിനുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലാക്കി. പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പൊതു സോഫ്റ്റ്വെയര്‍ ഏര്‍പ്പെടുത്തി. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുണ്ട്. സംഘം ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യത പരിഗണിച്ച് അക്കാര്യം ഒഴിവാക്കി.
ഇനിമുതല്‍ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയര്‍ ക്ലര്‍ക്ക് മുതലുള്ള നിയമനം പരീക്ഷാ ബോര്‍ഡ് നടത്തും. യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ നിധിയും ബില്ലില്‍ ഏര്‍പ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates