ഭക്ഷണം വൈകിയതിന് ഹോട്ടലിൽ സംഘർഷം: ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2023 08:17 AM |
Last Updated: 15th September 2023 08:17 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: ഭക്ഷണം വൈകിയതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷമുണ്ടാക്കിയ ക്രൈംബ്രാഞ്ച് സിഐക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ക്രൈംബ്രാഞ്ച് സിഐ കടപ്പൂര് സ്വദേശി ജി ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പൊലീസാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ സിഐ പ്രശ്നമുണ്ടാക്കിയതായി കണ്ടെത്തിയതോടെയാണ് നടപടി.
ഓഗസ്റ്റ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാത്രി 10.30ന് ഏറ്റുമാനൂരിലെ സെന്‍ട്രല്‍ ജങ്ഷനിലെ താര ഹോട്ടലിൽ എത്തിയ ഗോപകുമാര്‍ ഭക്ഷണം ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാല്‍ താമസമുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാൽ ഇതിൽ ക്ഷുഭിതനായ സിഐ ഹോട്ടലിന്റെ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ആവശ്യപ്പെട്ടു. കൂടാതെ അടുക്കളയുടെയും ജീവനക്കാരുടെയും ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഫോണില്‍ ഫോട്ടോയെടുക്കുന്നത് ഭക്ഷണം കഴിക്കാനെത്തിയ ഭര്‍ത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ചോദ്യം ചെയ്തതോടെ സംഘര്‍ഷമാവുകയായിരുന്നു. ഇതിനിടയില്‍, ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു. ഇതോടെ വലിയ സംഘര്‍ഷമായി.
ഇരുകൂട്ടരും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ്, സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയും കുടുംബവും ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴിനല്‍കിയിരുന്നു. ജിസിനെ രണ്ടാംപ്രതിയാക്കിയും കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെതിരേ സി.ഐ. ഗോപകുമാറും പരാതി നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്യാംപസിൽ കയറാന‍്‍ നിപ നെഗറ്റീവ് ഹാജരാക്കണം: മലയാളി വിദ്യാർത്ഥികളോട് മധ്യപ്രദേശ് സർവകലാശാല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ