പ്രതീകാത്മക ചിത്രം 
Kerala

ലൈഫ് പദ്ധതി:  20808  വീടുകളുടെ താക്കോൽ ദാനം ഇന്ന് ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച  20808  വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. 

ഇതേസമയം തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറ് ദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 20,808 വീടുകളാണു പൂര്‍ത്തീകരിച്ച് കൈമാറുന്നത്. 

ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകള്‍ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയില്‍ ഇതുവരെ ആകെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. പാര്‍ശ്വ വത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സര്‍ക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്തെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വി ശശി എംഎല്‍എ, നവകേരള കര്‍മ്മ പദ്ധതി2 കോ കോര്‍ഡിനേറ്റര്‍ ടിഎന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, കളക്ടര്‍ നവജ്യോത് ഖോസ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആര്‍, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അന്‍സാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫോഴ്‌സണ്‍, പഞ്ചായത്ത് അംഗം റീത്ത നിക്‌സണ്‍ എന്നിവര്‍ പങ്കെടുക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും ലൈഫ് മിഷന്‍ സിഇഒ പി ബി നൂഹ് നന്ദിയും രേഖപ്പെടുത്തും.  

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം: 

സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ 'ലൈഫ് മിഷൻ’ വഴി കേരളത്തിൽ പാർപ്പിട സൗകര്യത്തെക്കുറിച്ചുള്ള നിരന്തരമായ അരക്ഷിതബോധത്തിൽ നിന്നും ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങൾ മോചിതരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവരെ വരെ ഉൾപ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്നത്തെ അതിന്റെ സമഗ്രതയിൽ ലൈഫ് അഭിസംബോധന ചെയ്യുന്നു. അതായത്, പരമാവധി പേരെ ഭവനപദ്ധതിയിൽ ഉൾകൊള്ളിക്കലാണ് ലൈഫിന്റെ നയം, വിചിത്രമായ ദാരിദ്ര്യനിർണ്ണയരീതികൾ കൊണ്ട് ഗുണഭോക്താക്കളെ പരമാവധി പുറംതള്ളലല്ല.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവർക്കാണ് ആദ്യം വീടുകൾ നിർമിച്ചുനൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ, അഗതികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ ഇവർക്കൊക്കെയായിരുന്നു മുൻഗണന. ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടി പണിയുന്ന ഭവനസമുച്ചയങ്ങളിൽ അങ്കണവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഏർപ്പെടുത്താൻ ശ്രദ്ധിച്ചിരിക്കുന്നതും സർക്കാരിന്റെ കരുതലിന്റെ ഭാഗമായിട്ടാണ്.

ഈ സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന് നടത്തുകയാണ്. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ശ്രീ. അമിറുദ്ദീന്റേയും ശ്രീമതി ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം നടത്തും. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന പരിപാടിയിൽ 20808 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12,000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്‍ദാനം നിര്‍വഹിച്ചിരുന്നു. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ 6 വർഷം കൊണ്ട് കേരളത്തിൽ ലൈഫ് പദ്ധതിയിലൂടെ പണിതുയർത്തിയത് 2,95,006 വീടുകളാണ്. 34,374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്.

ഭൂരഹിത- ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ "മനസ്സോടിത്തിരി മണ്ണ്" എന്ന ക്യാമ്പയിന്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് അവസാന വാരം തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ ഇതിനകം 1712.56 സെന്റ് സ്ഥലം ലഭിച്ചു. 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 41 ഇടങ്ങളിലാണ് ഈ സ്ഥലങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ 1000 പേര്‍ക്ക് ഭൂമി നല്‍കാനായി 25 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമായിട്ടുണ്ട്. ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താനുള്ള ഈ ക്യാമ്പയിന്‍ കൂടുതള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT