തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്‍സി എല്‍സ- 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ ( Ship Accident ) പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. 'കാഷ്' എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള പഞ്ഞിയാണ്. 71 കണ്ടെയ്‌നറുകളില്‍ സാധനങ്ങളുണ്ടായിരുന്നില്ല. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത് 640 എണ്ണമാണ്.
കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്.
മെയ് 25നാണ് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെ, അറബിക്കടലിൽ എംഎസ്‍സി എല്‍സ - 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് അപകടം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates