കൊച്ചി: ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ എല്ലാ സമാധാനകാംക്ഷികള്‍ക്കും ആശ്വാസം പകരുന്നതാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും സ്വന്തം നിലയില്‍ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു. യുദ്ധാസക്തി പൊതുബോധമാക്കിയവരില്‍ മുന്നില്‍ മാധ്യമങ്ങളായിരുന്നെന്നും സ്വരാജ് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
'യുദ്ധം സര്‍വനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിര്‍ത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു. കൂട്ടരെ ഇപ്പോഴിതാ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു. യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും?'- എം സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
എം സ്വരാജിന്റെ കുറിപ്പ്
ഇന്ത്യാ - പാക് വെടിനിര്‍ത്തല്‍ എല്ലാ സമാധാനകാംക്ഷികള്‍ക്കും ആശ്വാസം പകരുന്നതാണ് .
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന്‍ തയ്യാറാവാതിരുന്നതാണ് രണ്ടുനാള്‍ യുദ്ധഭീതി പരത്തിയത്.
ഇപ്പോഴേതായാലും സമാധാനത്തിന് വഴിയൊരുങ്ങിയിരിക്കുന്നു . അത്രയും ആശ്വാസം.
ഭീകരതയ്‌ക്കെതിരായ സമരം തുടരേണ്ടതുമാണ് .
ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും. സ്വന്തം നിലയില്‍ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു.
യുദ്ധാസക്തി പൊതുബോധമാക്കിയവരില്‍ മുന്നില്‍ മാധ്യമങ്ങളായിരുന്നു .
കറാച്ചിയും റാവല്‍പിണ്ടിയും ലാഹോറുമെല്ലാം ന്യൂസ് റൂമുകളിലിരുന്ന് അവര്‍ പിടിച്ചടക്കി . പകരമായി ജമ്മുവും കശ്മീരുമെല്ലാം പാകിസ്ഥാന്‍ ചാനലുകളും പിടിച്ചു .
ഇതിനിടയില്‍ ഇന്ത്യയിലെ സകല വിമാനത്താവളങ്ങളും ഒരു ചാനല്‍ അടച്ചുപൂട്ടി.
യുദ്ധം പ്രഖ്യാപിക്കാതിരിക്കെ
' വാര്‍ ബ്രേക്കിങ്ങ് ' നല്‍കി അവര്‍ 'യുദ്ധം' ആഘോഷിച്ചു .
യുദ്ധം സര്‍വനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിര്‍ത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു.
കൂട്ടരെ ഇപ്പോഴിതാ
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു.
യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും????
ഇക്കാര്യത്തില്‍ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങള്‍ ദയവായി മനസിലാക്കണം .
ഇനിയിക്കൂട്ടര്‍ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാം.
യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ
കൂട്ടപ്പാട്ടിന് താളം പിടിക്കാന്‍ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കല്‍ക്കൂടി അറിയിക്കട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates