ന്യൂഡല്‍ഹി: വിഡി സതീശന്‍ വിചാരകേന്ദ്രത്തില്‍ പോയത് പഠിപ്പിക്കാനോ പഠിക്കാനോയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. വേണ്ടിവന്നാല്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനില്‍ നിന്ന് വ്യത്യസ്തനല്ല സതീശനെന്നും ബേബി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പറയുന്നതും വിചാരധാരയും തമ്മിലെ വേര്‍തിരിവ് നേര്‍ത്തതാകുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ചേരാത്തത് അവിടെ ഇടതുപക്ഷം ശക്തമായതുകൊണ്ടാണെന്നും എം എ ബേബി പറഞ്ഞു.
അതേസമയം, താന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ലെന്നും വിവേകാനന്ദനെ സംബന്ധിച്ച പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്ത പരിപാടിയിലാണ് പങ്കെടുത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്കു തന്റെ പേരു നിര്‍ദേശിച്ചതെന്നുസതീശന്‍ പറഞ്ഞു. പുസ്തകം തിരുവനന്തപുരത്തും തൃശൂരും പ്രകാശനം ചെയ്തിരുന്നു. പ്രതിപക്ഷനേതാവായിരുന്ന വിഎസ്. അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് പുസ്തകം റിലീസ് ചെയ്തത്. അതേ പുസ്തകമാണ് താന്‍ തൃശൂരില്‍ റിലീസ് ചെയ്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെക്കുറിച്ചു പറഞ്ഞതും സംഘപരിവാറിന്റെ ഹിന്ദുത്വയും രണ്ടാണെന്നാണ് ചടങ്ങില്‍ പറഞ്ഞത്.
ആര്‍എസ്എസ് വേദി പങ്കിട്ടെന്ന സിപിഎം ആരോപണം വിഎസിനും ബാധകമാണ്. ബിജെപി പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും പ്രചാരം നല്‍കുന്നത് സിപിഎമ്മാണ്. ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യമാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇതു സംബന്ധിച്ച് ആര്‍എസ്എസ് അയച്ച നോട്ടിസ് നിയമപരമായി നേരിടും. സജി ചെറിയാനെതിരെ താന്‍ പറഞ്ഞ വാക്കുകളെ സിപിഎം ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാനും തന്റെ വാക്കുകളെ ഇതുവരെ നിഷേധിച്ചിട്ടില്ല. ആര്‍എസ്എസിനെ ആക്രമിച്ചാല്‍ എങ്ങനെയാണ് ഹിന്ദുവിനെതിരെയുള്ള ആക്രമണം ആകുന്നത്. ഒരു വര്‍ഗീയ വാദിയുടെ മുന്നിലും കീഴടങ്ങില്ല. വര്‍ഗീയവാദികളുടെ വോട്ട് ഇതുവരെ ചോദിച്ചിട്ടില്ല. തന്റെ വീട്ടിലേക്കു കൂടുതല്‍ മാര്‍ച്ച് നടത്തിയത് സംഘപരിവാറാണ്. 2016ല്‍ തന്നെ തോല്‍പ്പിക്കാന്‍ പറവൂരില്‍ ഹിന്ദു മഹാസംഗമം നടത്തിയെങ്കിലും ഭൂരിപക്ഷം വര്‍ധിക്കുകയാണ് ചെയ്തത്. വര്‍ഗീയ ശക്തികളെ ഇനിയും എതിര്‍ക്കും. രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വര്‍ഗീയവാദികളുമായി സന്ധിചെയ്യില്ല വിഡി സതീശന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates